കോടി ആഹ്ളാദത്തിൽ നെടുംചിറ വീട്
ആലപ്പുഴ/തുറവൂർ: സംസ്ഥാന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്ന ശനിയാഴ്ച വൈകിട്ട് തന്നെ ചേർത്തല തൈക്കാട്ടുശ്ശരി നെടുംചിറ വീട്ടിൽ ശരത് എസ്.നായർ (38) തിരിച്ചറിഞ്ഞു, കേരളം കാത്തിരുന്ന 25 കോടിയുടെ ഭാഗ്യവാൻ താനാണെന്ന്. ഭാര്യ അപർണയോടും അനുജൻ രഞ്ജിത്തിനോടും ആദ്യം വിവരം പറഞ്ഞു. പിന്നീട് അച്ഛൻ ശശിധരൻ നായരോടും രാധാമണിയോടും അത് വെളിപ്പെടുത്തി. തുടർന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് ഭദ്രമായി വീട്ടിൽ തന്നെ സൂക്ഷിച്ചു. ഇന്നലെ രാവിലെ ആദ്യം നെട്ടൂരിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ലീവ് പറഞ്ഞശേഷമാണ് ശരത്തും സഹോദരനും ബന്ധുവും എസ്.ബി.ഐ ബാങ്കിന്റെ തുറവൂർ ശാഖയിലെത്തി ടിക്കറ്റ് സമർപ്പിച്ചത്. ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശരത്ത് വീട്ടിലെത്തിയത്. അവിടെ ഭാഗ്യശാലിയെ കാത്ത് മാദ്ധ്യമപ്പടയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ടായിരുന്നു.
ഭാഗ്യ വാർത്ത പരന്നതോടെ വൈകിട്ട് മൂന്ന് മണിയോടെ ആശംസയിറിക്കാൻ അടുപ്പക്കാർ വീട്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ശരത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും കൂട്ടുകാരും ചേർന്ന് പ്രദേശത്ത് മധുരവിതരണം നടത്തി. പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ ലോട്ടറി വകുപ്പ് നൽകുന്ന പഠന ക്ലാസിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. പതിവ് പോലെ ഇന്നുമുതൽ ജോലിക്ക് പോയി തുടങ്ങാനാണ് ശരത്തിന്റെ തീരുമാനം. ഭാര്യ അപർണ മുമ്പ് ഇൻഫോപാർക്കിൽ ജീവനക്കാരിയായിരുന്നെങ്കിലും കുഞ്ഞ് ജനിച്ചതോടെ ജോലിക്ക് പോകുന്നില്ല. പണം തേടി ധാരാളം പേർ സമീപിക്കുമെന്നറിയാം. പക്ഷേ കാര്യങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യാനാകുമെന്ന ഉറപ്പ് ശരത്തിനും കുടുംബത്തിനുമുണ്ട്.
കന്നി ബമ്പറിൽ ഭാഗ്യകടാക്ഷം
ബമ്പർ ടിക്കറ്റ് എടുക്കണമെന്ന് മുമ്പാരിക്കലും തോന്നിയിട്ടില്ലാത്ത ശരത്തിലെ ഭാഗ്യക്കുറിയെടുക്കാൻ പ്രേരിപ്പിച്ചത് നറുക്കെടുപ്പ് തീയതിയിലെ മാറ്റമാണ്. കഴിഞ്ഞമാസം 26ന് ജോലിക്ക് പോകും വഴിയാണ് നെട്ടൂരിലെ ലോട്ടറി ഏജൻസിയിൽ നിന്ന ടിക്കറ്റ് വാങ്ങിയത്. പ്രത്യേകിച്ച് നമ്പരൊന്നും നോക്കിയില്ല. മുമ്പ് ഏജന്റുമാരുടെ നിർബന്ധത്തിന് വഴങ്ങി ടിക്കറ്റുകൾ എടുത്തിട്ടുണ്ടെങ്കിലും അവയുടെ വില അമ്പത് രൂപയ്ക്കപ്പുറം പോകാറില്ലായിരുന്നു. ഒരിക്കൽ പോലും സമ്മാനം അടിച്ചിട്ടുമില്ല. ബമ്പറിനുള്ള അഞ്ഞൂറ് രൂപ എന്നത് തന്റെ ഒരു ദിവസത്തെ വരുമാനത്തിന് തുല്യമാണെന്ന് ശരത് പറയുന്നു.