നെല്ല് സംഭരണം, വിലവർദ്ധന കാത്ത് കുട്ടനാട്ടിലെ കർഷകർ

Tuesday 07 October 2025 12:48 AM IST

ആലപ്പുഴ: ഈവർഷത്തെ ആദ്യ സീസണിലെ നെല്ല് സംഭരണത്തിൽ സപ്ളൈകോ രജിസ്ട്രേഷൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും, നെൽവില വർദ്ധനയുടെ കാര്യത്തിൽ സർക്കാരും സപ്ളൈകോയും മൗനത്തിലാണ്.നെല്ലിന്റെ മിനിമം താങ്ങുവില കേന്ദ്രം കിലോയ്ക്ക് 28.10 രൂപയായി പ്രഖ്യാപിച്ചെങ്കിലും പ്രോത്സാഹന ബോണസുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഈ സീസണിലെ വിലയും പ്രഖ്യാപിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രവിഹിതമുൾപ്പെടെ 28.20 പൈസ ക്രമത്തിലാണ് സപ്ളൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. വർഷം തോറും കേന്ദ്രം നെൽവിലയിൽ വർദ്ധന വരുത്തിയെങ്കിലും അതിനനുസൃതമായി പ്രോത്സാഹന ബോണസിൽ ആനുപാതികമായ കുറവ് വരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. കൂലിയുൾപ്പെടെ ഉൽപ്പാദന ചെലവേറിയ കേരളത്തിൽ സപ്ളൈകോ നെല്ല് സംഭരണത്തിനായി ചുമതലപ്പെടുത്തുന്ന മില്ലുകളുടെ ചൂഷണവും നെല്ലിന്റെ വില യഥാസമയം ലഭ്യമാകാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ സാഹചര്യം.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ നെല്ലിന്റെ വിലയിൽ ഈ സീസണിലെങ്കിലും വർദ്ധനയുണ്ടാകുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ,​ രജിസ്ട്രേഷൻ ആരംഭിച്ച് മാസങ്ങൾക്ക് ശേഷവും ഇക്കാര്യത്തിൽ യാതൊരു പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

എൻ.സി.സി.എഫിനെ സമീപിക്കും

1.രാജ്യത്ത് ഏറ്റവും ഉയർന്ന കൂലിനിലനിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ നെല്ലിന്റെ വില വർദ്ധിപ്പിക്കാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത നിലയിലാണ്.കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം ഇപ്പോഴും പൂർണമായും കൊടുത്തുതീർക്കാൻ കഴിയാതിരിക്കെ വരുന്ന സീസണിൽ സപ്ളൈകോയ്ക്ക് നെല്ല് കൈമാറേണ്ടിവരുന്നത് കർഷകരിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്

2.നെല്ല് സംഭരണത്തിനുള്ള സമ്മതപത്രത്തിൽ സപ്ളൈകോ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന നിർദേശങ്ങൾ കർഷകരുടെ വ്യാപക എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.ഇതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും നിലപാടിൽ മാറ്റം വരുത്താത്ത സപ്ളൈകോയോ,​സർക്കാരോ പുതിയ സീസണിൽ വിലവർദ്ധിപ്പിക്കാനും തയ്യാറായിട്ടില്ല

3.അതേസമയം,​ കേന്ദ്ര ഏജൻസിയായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷ​ൻ (എൻ.സി.സി.എഫ്)​ നെല്ല് സംഭരണത്തിൽ ഭൗമസൂചികാ പദവിയുള്ള കുട്ടനാടിനെ അവഗണിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതി ഫെഡറേഷനെ സമീപിക്കും

രജിസ്ട്രേഷ ആരംഭിച്ച് നാളിതുവരെ നെല്ലിന്റെ വില പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണ്

- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ

നെല്ല് സംഭരണ

രജിസ്ട്രേഷൻ

(ഇതുവരെ)​

കർഷകർ: 4141

വിസ്തൃതി: 6962.19 ഏക്കർ