തദ്ദേശ തിരഞ്ഞെടുപ്പ്: നറുക്കെടുപ്പ് ഉറ്റുനോക്കി സ്ഥാനാർത്ഥി മോഹികൾ

Tuesday 07 October 2025 12:57 AM IST

ആലപ്പുഴ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഉറ്റുനോക്കിയിരിക്കുകയാണ് സ്ഥാനാർത്ഥി മോഹികൾ. എല്ലാ പാർട്ടികളും പ്രവർത്തകരും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ വ്യാപൃതരാണെങ്കിലും പട്ടിക ജാതി -സ്ത്രീ സംവരണ വാർഡുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.കഴിഞ്ഞ മാസം 26ന് വാർഡുകളുടെ നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ,​ നഗരസഭയിലും ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലുമുൾപ്പെടെ വാർഡ് പുനർനിർണയവും വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ കാരണവും നറുക്കെടുപ്പും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണവും നീണ്ടു പോകുകയായിരുന്നു. ഈമാസം 14ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്.

നറുക്കെടുപ്പ് കഴിഞ്ഞാലേ നഗരസഭയിലെയും പഞ്ചായത്തുകളിലെയും വാർഡുകളിലെ ജനറൽ, സ്ത്രീ, പട്ടികജാതി കാര്യങ്ങളിൽ വ്യക്തത വരൂ.

നവംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്ലാ പാർട്ടികളും ഫീൽഡിൽ സജീവമാണ്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും വിവാഹം, മരണം,ഗൃഹപ്രവേശം, ആഘോഷ പരിപാടികൾ എന്നുവേണ്ട തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ എല്ലാവരും മത്സരത്തിലാണ്. യുവാക്കളുൾപ്പെടെ രാഷ്ട്രീയത്തിലേക്ക് നവാഗതരുടെ വരവ് വിരളമായതിനാൽ പ്രമുഖ പാർട്ടികൾക്കുൾപ്പെടെ പലയിടത്തും പതിവുകാരെ ഗോദയിലിറക്കേണ്ടിവരും എന്നതാണ് സ്ഥിതി.

യോഗ്യന്മാർ

പരിഗണനയിൽ

വാർഡ് നിലനിർത്താനും തിരിച്ചുപിടിക്കാനുമൊക്കെ നിർണായ ഘടകങ്ങളിലൊന്നായ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തൽ പാർട്ടിക്കാർക്കും തലവേദനയായിട്ടുണ്ട്. തങ്ങളോട് രാഷ്ട്രീയ ആഭിമുഖ്യമുള്ള അങ്കണവാടി ടീച്ചർമാർ, ആശ വർക്കർമാർ തുടങ്ങി ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരും സ്വീകാര്യരുമായവർ പലരും ഇതിനകം പരിഗണനാപ്പട്ടികയിലുണ്ട്.വോട്ടർ പട്ടികയിൽ ആളെച്ചേർക്കലും ഗൃഹ സമ്പർക്കവുമൊക്കെയായി തിരഞ്ഞെടുപ്പിന്റെ കളമൊരുക്കൽ നാട് നീളെ ആരംഭിച്ചിരിക്കെ,​ ദിവസങ്ങൾക്കകം നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ സംവരണ വാർഡുകൾക്കൊപ്പം സ്ഥാനാർത്ഥികളുടെ കാര്യത്തിലും തീരുമാനമായേക്കും.