അങ്കണവാടിയിൽ കുട്ടിയെ മർദ്ദിച്ച സംഭവം: മുൻകൂർ ജാമ്യം തേടി അദ്ധ്യാപിക
നേമം: മൊട്ടമൂട് പറമ്പുംകോണം അങ്കണവാടിയിൽ രണ്ടര വയസുകാരിയെ കരണത്തടിച്ച അദ്ധ്യാപിക മുൻകൂർ ജാമ്യം തേടി. സസ്‌പെൻഷനിലുള്ള അദ്ധ്യാപിക മച്ചേൽ സ്വദേശി പുഷ്‌പകലയാണ് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണിത്.
കഴിഞ്ഞമാസം 25നായിരുന്നു സംഭവം. മൊട്ടമൂട് ഷെറിൻ നിവാസിൽ പ്രവീൺ-നാൻസി ദമ്പതികളുടെ രണ്ടര വയസുള്ള ഏക മകൾക്കാണ് മർദ്ദനമേറ്റത്. പരാതിയെ തുടർന്ന് അദ്ധ്യാപികയെ വനിതാ ശിശുവികസന വകുപ്പ് സസ്‌പെൻഡ് ചെയ്‌തിരുന്നു. എല്ലാ തിങ്കളാഴ്ചയും കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ പരിശോധനയ്‌ക്ക് എത്തിക്കുന്നുണ്ട്.
മൊട്ടമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം അദ്ധ്യാപികയ്ക്കുവേണ്ടി ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയാണെന്ന് ആരോപണമുണ്ട്.