ഗൃഹനാഥനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

Tuesday 07 October 2025 1:54 AM IST

വെള്ളറട: ഗ്രഹനാഥനെ സിമെന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവത്തിൽ കൂതാളി കരിപ്പുവാലി റോഡരികത്ത് വീട്ടിൽ സണ്ണിമോൻ (42)​ ആറാട്ടുകുഴി കുളത്തിൻകര ബിനു ഭവനിൽ ബിനു (42)​എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ ആറാട്ടുകുഴി മുട്ടയ്ക്കോട് കോളനിയിൽ അശോകൻ (52) കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ആറാട്ടുകുഴി സ്റ്റേഡിയത്തിന് സമീപമുള്ള റോഡിൽവെച്ചായിരുന്നു സംഭവം. മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ അശോകനെ സിമെന്റ് കട്ടകൊണ്ട് പ്രതികൾ തലയ്ക്കടിയ്ക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ചുകിടന്ന അശോകൻ മരിച്ചെന്ന് പ്രതികൾ തന്നെ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട സി.ഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിക്കേറ്റയാളെ ആബുലൻസിൽ കാരക്കോണം മെഡിക്കൽ കേളേജിലെത്തിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരമമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കൊലപാതശ്രമ കേസിന് കുറ്റം ചുമത്തി പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.