ജില്ലാ ട്രഷറിയിൽ പടികയറി വലഞ്ഞ് പ്രായമുള്ളവർ ലിഫ്റ്റ് പ്രവർത്തിക്കില്ല, ജനറേറ്റർ പണിമുടക്കിലും
തിരുവനന്തപുരം.സ്റ്റാച്യുവിലെ ജില്ലാ ട്രഷറി ഓഫീസിൽ പെൻഷൻ ആവശ്യങ്ങൾക്കായി എത്തുന്നവർ ഓഫീസ് പ്രവർത്തിക്കുന്ന
രണ്ടാം നിലയിലെത്താൻ പടി കയറി വലയുന്നു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തതാണ് കാരണം. കൂടുതൽ പേർ കയറിയതിനാൽ
ലിഫ്റ്റ് സ്റ്റക്കാകുന്നുവെന്നാണ് അധികൃതരുടെ വാദം.ലിഫ്റ്റ് ഓപ്പറേറ്റർമാരെ വച്ച് നിസാരമായി നിയന്ത്രിക്കാവുന്ന കാര്യത്തിലാണ്
പ്രായമായവർ പടികയറി പോകട്ടെ എന്ന സമീപനം. ഇന്നലെ വൈദ്യുതി കൂടി നിലച്ചതോടെ രണ്ടാമത്തെ നിലയിലേക്കുള്ള പടികൾ ഇരുട്ടത്തു തപ്പിത്തടഞ്ഞു കയറേണ്ട അവസ്ഥയായിരുന്നു.കറണ്ട് പോയാൽ പ്രവർത്തിപ്പിക്കേണ്ട ജനറേറ്റർ കേടായിരിക്കുകയാണ്.ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പുതിയത് വാങ്ങാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നായിരുന്നു ജില്ലാ ട്രഷറി ഓഫീസറുടെ വിശദീകരണം.സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു തൊട്ടരികിലാണ് ജില്ലാ ട്രഷറി ഓഫീസ്.ധനകാര്യമന്ത്രിയുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെൻഷൻകാർ.