കൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട: കാപ്പാ പ്രതി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
കൊണ്ടോട്ടി: ഐക്കരപ്പടി കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ടെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 153 ഗ്രാം എം.ഡി.എം.എയുമായി കാപ്പ പ്രതി ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ സ്വദേശി ഏട്ടൊന്നിൽ ഷെഫീഖ് (35), വാഴക്കാട് സ്വദേശി കമ്പ്രതി കുഴി നൗഷാദ് (40), കൊട്ടപ്പുറം സ്വദേശി കുന്നംതൊടി ഷാക്കിർ (32), ഐക്കരപ്പടി സ്വദേശി ഇല്ലത്ത്‌തൊടി ബാർലിമ്മൽ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. വിവിധ കേസുകളിലെ പ്രതിയും അടുത്തിടെ രാസലഹരി കേസിൽ ഭാര്യയോടൊപ്പം ജാമ്യത്തിലിറങ്ങിയ വ്യക്തിയുമാണ് ഒന്നാം പ്രതി ഷെഫീഖ്. ഒരു വർഷത്തോളം കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞ ഇയാൾക്ക് വയനാട്ടിലെ മൂന്നരക്കോടിയുടെ തട്ടിപ്പ് കേസ്, പരപ്പനങ്ങാടിയിലെ ലഹരിക്കേസ്, കൊണ്ടോട്ടിയിലെ കളവ് കേസ് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി വിൽപ്പനയിൽ ഇയാൾ വീണ്ടും സജീവമാവുകയായിരുന്നു. രണ്ടാം പ്രതിയായ നൗഷാദും വയനാട്ടിലെ എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്.
പ്രതികളിൽ നിന്നും 153 ഗ്രാം എം.ഡി.എം.എ, അരലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, വിൽപ്പനയ്ക്കായി പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി. കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്‌പെക്ടർ പി.എം. ഷമീർ, ഡാൻസഫ് സബ് ഇൻസ്‌പെക്ടർ വാസു എന്നിവരുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി ഡാൻസാഫ് ടീമും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ രക്ഷപ്പെട്ടതായും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.