വിവാഹ നിശ്ചയത്തിന് പിന്നാലെ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, അദ്ഭുതകരമായി രക്ഷപ്പെട്ട് താരം
ഹൈദരാബാദ് : തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടം, തെലങ്കാനയിലെ ജോഗുലാം ഗദ്വാൾ ജില്ലയിൽ ഹൈദരാബാദ് - ബംഗളുരു ഹൈവേയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ നിന്ന് വിജയ് ദേവരകൊണ്ട അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടന്റെ വാഹനത്തിൽ മറ്റൊരു കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ ലെക്സസ് എൽ.എം 350 എച്ച് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇടിച്ച കാർ നിറുത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയതാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ മൂന്നിനായിരുന്നു വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ കണ്ടെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷം വിജയ് കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീസത്യസായി ബാബയുടെ പ്രശാന്തി നിലയം സന്ദർശിച്ചിരുന്നു. അവിടെ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് അപകടമുണ്ടായത്.