ചുമ മരുന്നുകളുടെ ഉപയോഗത്തിന് പ്രത്യേകം മാർഗരേഖ വരും

Tuesday 07 October 2025 12:46 AM IST
ചുമ മരുന്നുകളുടെ ഉപയോഗത്തിന്

തിരുവനന്തപുരം: കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗത്തിന് സംസ്ഥാന സർക്കാർ പ്രത്യേക മാർഗരേഖ പുറത്തിറക്കും.

ഇക്കാര്യങ്ങൾ പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ.സുജിത് കുമാർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ.രാഹുൽ യു.ആർ, ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ.ഐ.റിയാസ് എന്നിവരാണ് സമിതിയിലുള്ളത്.

കോൾഡ്രിഫ് കഫ് സിറപ്പുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ മന്ത്രി വീണാജോർജ് ഉന്നതതലയോഗം വിളിച്ചു. സിറപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കുട്ടികൾക്ക് ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാൻ നിർദ്ദേശം നൽകി. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ പുരോഗമിക്കുകയാണ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേരളത്തിൽ വിൽപന നിറുത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഒറീസ, മദ്ധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകൾ വിതരണം ചെയ്തത്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല. കേരളത്തിൽ എട്ടു വിതരണക്കാർ വഴിയാണ് കോൾഡ്രിഫ് വിൽപ്പന നടത്തുന്നത്. അതിന്റെ വിതരണവും വിൽപനയും അവസാനിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.