3 റെയിൽ-കം-റോഡ് തുരങ്കങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ

Tuesday 07 October 2025 12:57 AM IST

ന്യൂഡൽഹി: തന്ത്രപ്രധാന മേഖലകളിൽ റെയിൽ പാതയ്‌ക്കൊപ്പം റോഡും അടങ്ങിയ റെയിൽ-കം-റോഡ് തുരങ്കങ്ങൾ നിർമ്മിക്കാൻ ഹൈവ-ഗതാഗത, റെയിൽവേ മന്ത്രാലയം. ആദ്യമായാണ് രണ്ട് മന്ത്രാലയങ്ങൾ ചേർന്ന് ഇത്തരത്തിലൊരു പദ്ധതി. പശ‌്ചിമ ബംഗ്ളാളിൽ നിന്ന് വടക്കുകിഴക്കൻ മേഖലയിലെ ബന്ധിപ്പിക്കുന്ന നിർണായക ചിക്കൻ നെക്ക് കോറിഡോറിലും അസമിൽ ബ്രഹ്‌മപുത്ര നദിയ്ക്ക് കുറുകെയും കർണാടകയിൽ മാറനഹള്ളി-അഡ്ഡഹോളെ റോഡിലുമാണ് തുരങ്കങ്ങൾ നിർമ്മിക്കുക. മൂന്ന് പദ്ധതികൾ സംബന്ധിച്ച് അടുത്തിടെ റെയിൽവേ,ഹൈവേ-ഗതാഗത മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്താൻ യോഗത്തിൽ തീരുമാനമായി. തുരങ്കങ്ങൾ നിർമ്മിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ നേരത്തെ കാബിനറ്റ് സെക്രട്ടറിയേറ്റ് രണ്ട് മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പൊതുവായ ഗതാഗത സൗകര്യങ്ങൾ നടപ്പാക്കുന്നതിന്റെ സാദ്ധ്യതൾ പരിശോധിക്കാൻ സംയുക്ത പ്രവർത്തന സമിതി രൂപീകരിച്ചു. ചിക്കൻ നെക്ക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഗോരഖ്പൂർ-സിലിഗുരി എക്‌സ്പ്രസ് വേ പദ്ധതിയ്ക്കും ദംദാംഗി-രംഗപാനി-ബഗ്‌ഡോഗ്ര സെക്ഷനിലെ നിർദ്ദിഷ്ട റെയിൽവേ അലൈൻമെന്റിനും ഉപയോഗപ്രദമായ രീതിയിൽ 22 കിലോമീറ്റർ തുരങ്കം നിർമ്മിക്കാനുള്ള സാദ്ധ്യത തേടിയത്. കർണാടകയിലെ മാറനഹള്ളി-അഡ്ഡഗഹോളെ കോറിഡോറിൽ 21 കിലോമീറ്റർ തുരങ്കം നിർമ്മിക്കുക. ബ്രഹ്‌മപുത്രയിൽ വെള്ളത്തിനടിയിലാണ് റെയിൽ-കം-റോഡ് തുരങ്കം നിർമ്മിക്കുന്നത്. മൂന്ന് പദ്ധതികളുടെയും സാദ്ധ്യതാ പഠനം രണ്ട് മാസത്തിനകം പൂർത്തിയാകും.