തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം: മുഖ്യമന്ത്രി

Tuesday 07 October 2025 2:19 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ജാഗ്രത പുലർത്തണം. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ ദുഷ്ടശക്തികളും ഒന്നിച്ച് നാടിന്റെ സമാധാനം തകർക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ നല്ലതെന്ന് കരുതുന്നതെല്ലാം അവരെ അലോസരപ്പെടുത്തുന്നു. അതിനാൽ നല്ലതെല്ലാം അവർ തകിടം മറിക്കാൻ ശ്രമിക്കും. ഇത് തിരിച്ചറിയാനാകണം. പൊലീസ് ഇന്റലിജൻസ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.

രാജ്യത്ത് മറ്റു പലയിടത്തും വർഗീയ സംഘർഷത്തിന്റെ ഭാഗമായി കലാപവും ജീവഹാനിയും ഉണ്ടാകുന്നു. എന്നാൽ, നമ്മുടെ നാട് മാതൃകാപരമാണ്. വർഗീയ സംഘർഷങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയുന്നുണ്ട്. വർഗീയ സംഘടനകൾ ഇല്ലാത്ത നാടാണ് കേരളം എന്ന് ആരും തെറ്റിദ്ധരിക്കരുത്. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ വലിയതോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില സംഘടനകൾക്ക് വലിയ സ്വാധീനം കേരളത്തിൽ പണ്ടേയുണ്ട്. ഈ സംഘടനകൾ മറ്റു പ്രദേശങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നു.

ഇവിടെ ആ തരത്തിലുള്ള സംഘർഷങ്ങളിലേക്ക് ഉയരുന്നില്ല. അതിനു കാരണം വർഗീയതയോടും വർഗീയ സംഘർഷങ്ങളോടും കേരളം സ്വീകരിക്കുന്ന നിലപാടാണ്. ഇതിൽ ഏറ്റവും പ്രധാനം പൊലീസിന്റെ നിലപാടാണ്. മുഖം നോക്കാതെയുള്ള നടപടി പൊലീസിന് സ്വീകരിക്കാൻ കഴിയുന്നുണ്ട്. സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല. തെറ്റിനെതിരെ കടുത്ത നടപടിയുണ്ടാകും.

മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി, ആന്റണി രാജു എം.എൽ.എ,ഡി.ജി.പി റവാഡ ചന്ദ്രശേഖർ,ഇന്റലിജൻസ് മേധാവി പി.വിജയൻ,​അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.കെ.പൃഥിരാജ്,​ പ്രസിഡന്റ് വി.ജി. രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.

മധുബാബുവിന്

വേദിയിൽ സീറ്റില്ല

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ ട്രഷററും ആലപ്പുഴ ഡിവൈ.എസ്.പിയുമായ മധുബാബുവിന് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വേദിയിൽ സീറ്ര് നൽകിയില്ല. അസോസിയേഷന്റെ മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം സദസിലായിരുന്നു.