തദ്ദേശ തിരഞ്ഞെടുപ്പ്: പൊലീസുമായി ചർച്ച നടത്തി

Tuesday 07 October 2025 2:34 AM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ഇന്നലെ സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച നടത്തി. ഡിസംബർ പകുതിയോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി പുതിയ ഭരണ സമിതി അധികാരത്തിലെത്തേണ്ടതുണ്ട്. നവംബർ അവസാനവാരമോ, ഡിസംബർ ആദ്യവാരമോ ആയി രണ്ടുഘട്ടങ്ങളിലായിട്ടായിരിക്കും വോട്ടെടുപ്പ് നടത്തുക. അതുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം, പൊലീസ് വിന്യാസം തുടങ്ങിയ കാര്യങ്ങളാണ് റവാഡ ചന്ദ്രശേഖറുമായുള്ള കൂടികാഴ്ചയിൽ സംസാരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ എ.ഡി.ജി.പി എസ്.ശ്രീജിത്ത്, എ.ഐ.ജി.മാരായ മെറിൻ ജോസഫ്, ജി.പൂങ്കുഴലി, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ബി.എസ്.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.