സിവിൽ സപ്ലൈസ് അഴിമതി: അടൂർ പ്രകാശിന്റെ ഹർജി തള്ളി
Tuesday 07 October 2025 1:40 AM IST
ന്യൂഡൽഹി: സിവിൽ സപ്ലൈസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസിൽ നിന്ന് അടൂർ പ്രകാശിനെ ഒഴിവാക്കിയ കോഴിക്കോട് വിജിലൻസ് കോടതി നടപടിക്കെതിരെ 475 ദിവസത്തോളം വൈകി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇടപെടാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. അപ്പീൽ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കി കൊടുക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. ഹൈക്കോടതിയിലും നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.