കോടതി അലക്ഷ്യം: ജയരാജന്മാർ ഹാജരായി

Tuesday 07 October 2025 2:47 AM IST

കൊച്ചി: കണ്ണൂരിൽ റോഡിൽ പന്തൽകെട്ടി പ്രതിഷേധ യോഗം നടത്തിയതിലെ കോടതി അലക്ഷ്യക്കേസിൽ സി.പി.എം നേതാക്കൾ ഹൈക്കോടതിയിൽ ഹാജരായി. ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ജയരാജൻ, കെ.വി. സുമേഷ് എം.എൽ.എ എന്നിവരാണ് ഇന്നലെ ഹാജരായത്. കോടതി അലക്ഷ്യം നേരിടുന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ്, ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒ എന്നിവരും ഹാജരായി. ഇവർ പ്രത്യേകം സത്യവാങ്മൂലങ്ങൾ സമർപ്പിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. കൊച്ചി സ്വദേശി എൻ. പ്രകാശിന്റെ ഹർജിയിലാണ് നടപടി. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണി ഫെബ്രുവരി 25ന് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധമാണ് കോടതിഅലക്ഷ്യത്തിന് കാരണമായത്. ഇന്ന് എത്തിയവരെ ഇനി നേരിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർജി നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.