സാമ്പത്തിക ആസ്‌തി പോർട്ടൽ രൂപീകരിക്കണം: നോട്ടീസ്

Tuesday 07 October 2025 1:51 AM IST

ന്യൂഡൽഹി: മരണപ്പെട്ട അക്കൗണ്ട് ഹോൾഡർക്ക് നോമിനിയില്ല എന്നു തുടങ്ങി വിവിധ കാരണങ്ങളാൽ രാജ്യത്തെ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും അടക്കം 3.5 ലക്ഷം കോടി രൂപ കെട്ടികിടക്കുന്നതിൽ സുപ്രീംകോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി. സജീവമായതും നിഷ്ക്രിയമായതും ആയ സാമ്പത്തിക ആസ്‌തികൾ സംബന്ധിച്ച സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രീകൃത സാമ്പത്തിക ആസ്‌തി പോർട്ടൽ രൂപീകരിക്കണമെന്നാണ് ആവശ്യം. ഹർജിയിൽ കേന്ദ്രസർക്കാർ,റിസർവ് ബാങ്ക് (ആർ.ബി.ഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയവയ്‌ക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നാലാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു.

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ

ടാക്‌സിനെതിരെ ഹർജി

ഇന്ത്യൻ സ്റ്രോക്ക് എക്‌സ്ചേഞ്ചുകളിലെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് (എസ്.ടി.ടി) ഏർപ്പെടുത്തിയത് ചോദ്യംചെയ്‌ത് സുപ്രീംകോടതിയിൽ ഹ‌ർജി. ഫൈനാൻസ് നിയമത്തിലാണ് എസ്.ടി.ടി വ്യവസ്ഥയുള്ളത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. നാലാഴ്ചയ്‌ക്കകം നിലപാടറിയിക്കണം.