കൊടിതോരണങ്ങൾ നീക്കവേ പൊലീസിനു നേരെ സി.പി.എം അക്രമം
തലശ്ശേരി: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പൊലീസ് സംഘത്തിനു നേരെ ചൊക്ളിയിൽ സി.പി.എം പ്രവർത്തകരുടെ അക്രമം. ചൊക്ലി സബ് ഇൻസ്‌പെക്ടർ ആർ. രാകേഷിന് പരിക്കേറ്റു. കൊടിമരത്തിലെ കമ്പു കൊണ്ട് മേനപ്രം സി.പി.എം ലോക്കൽ സെക്രട്ടറി ടി. ജയേഷിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ടി. ജയേഷ്, ഷിനോജ്, കിരൺ കരുണാകരൻ, നവാസ്, വിജേഷ്, ജിബിൻ, റിനീഷ് തുടങ്ങി കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. ചൊക്ലി മേനപ്രം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനടുത്ത് റോഡിൽ സ്ഥാപിച്ച ആർ.എസ്.എസ്, സി.പി.എം കൊടിതോരണങ്ങൾ നീക്കം ചെയ്യാനാണ് ചൊക്ലി ഇൻസ്‌പെക്ടർ കെ.വി മഹേഷ്, സബ് ഇൻസ്‌പെക്ടർ ആർ. രാകേഷ് എന്നിവരുൾപ്പെടുന്ന സംഘം സ്ഥലത്തെത്തിയത്. ഇവ നീക്കവേ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ ഭീഷണി മുഴക്കി. തുടർന്ന് കൈയേറ്റം ചെയ്തു.