തെരുവുനായ ആക്രമണം; ഒമ്പതുപേർക്ക് പരിക്ക്
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം.രണ്ട് സ്‌കൂൾ വിദ്യാർത്ഥികളും ആറു വയസുള്ള കുട്ടിയുമടക്കം ഒമ്പതു പേരെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തെരുവ് നായ ആക്രമിച്ചത്.
രാവിലെ 9.45ഓടെ പഞ്ചായത്തോഫീസിന് സമീപത്തുവച്ച് എസ്.എൻ.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ ശ്രീരാഗ്,മിഥുൻ എന്നിവർക്കാണ് ആദ്യം കടിയേറ്റത്. കുട്ടികൾ സ്‌കൂളിലേക്ക് വരികയായിരുന്നു. പത്ത് മണിയോടെ പുല്ലേക്കോണത്ത് സുനിതകുമാരിക്കും ലീലയ്ക്കും കടിയേറ്റു.
ലീല വീടിന് പിറകിൽ വിറക് പെറുക്കുമ്പോഴാണ് പട്ടി കടിച്ചത്. ഉച്ചയോടെ പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരൻ സുകുമാരൻ നായരെ വീടിന്റെ പരിസരത്തു വച്ച് കടിച്ചു. ഇദ്ദേഹത്തിന്റെ രണ്ടു കൈകളും കടിച്ചുമുറിച്ചു. വൈകിട്ട് മൂന്നരയോടെ നെട്ടിറക്കോണത്ത് കാൽനടയാത്രികനായ മറ്റൊരു വിദ്യാർത്ഥിക്കും, നടുവത്തേല ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലനത്തിനെത്തിയ രണ്ടു യുവാക്കൾക്കും നായയുടെ കടിയേറ്റു.
ഞായറാഴ്ച വൈകിട്ട് ആനാട് സമഗ്രയ്ക്ക് സമീപം വീട്ടിൽ പിറന്നാൾ ആഘോഷിക്കുന്നതിനിടെ ആറുവയസുകാരൻ സിദ്ധാർത്ഥനാണ് ആദ്യം തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു നായയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് സി.സി ടിവി പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. നായയെ വൈകിട്ടോടെ ആനാട് കുളക്കിയിൽ വച്ച് പ്രത്യേക സംഘം പിടികൂടി.പ്രദേശത്ത് വീടുകളിൽ കെട്ടിയിടാതെ വളർത്തുന്ന നായ്ക്കളും തെരുവ് നായ്ക്കളും വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നതായി വ്യാപക പരാതിയുണ്ട്.വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അധികൃതരുടെ അനാസ്ഥയിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചു.ഇന്ന് കോൺഗ്രസ് മെമ്പർ ആർ.അജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തോഫീസ് പടിക്കൽ ഏകദിന സത്യഗ്രഹം നടത്തും.