പ്രതിപക്ഷ പരാമർശം അപലപനീയം: മന്ത്രി ശിവൻകുട്ടി

Tuesday 07 October 2025 3:18 AM IST

തിരുവനന്തപുരം : നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ദേവസ്വം മന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അപലപനീയമെന്ന് മന്ത്രി വി.ശിവൻകുട്ടി. ദേവസ്വംമന്ത്രിയെ 'കള്ളൻ' എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് അംഗീകരിക്കാനാവില്ല. എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം പദപ്രയോഗങ്ങൾ നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.

സ്പീക്കറുടെ കാഴ്ചമറയ്ക്കുന്ന രീതിയിൽ പ്രതിപക്ഷം ബാനറുകൾ ഉയർത്തിയപ്പോൾ, 'സ്പീക്കറെ കാണാൻ സാധിക്കുന്നില്ല' എന്ന വസ്തുതാപരമായ കാര്യം മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. സഭാരേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷനേതാവ് എനിക്കെതിരെ ക്ഷുഭിതനാവുകയും തന്നെ പഠിപ്പിക്കാൻ വരേണ്ട എന്ന് ആക്രോശിക്കുകയുമാണ് ചെയ്തത്.