എയ്ഡഡ് ഭിന്നശേഷി സംവരണം: ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Tuesday 07 October 2025 3:21 AM IST

തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.സി.ബി.സി അദ്ധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ തലവനുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുനൽകിയത്. പ്രശ്ന പരിഹാരത്തിന് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം പൂർത്തിയാക്കാതെ മറ്റൊരു നിയമനവും നടത്തരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിനെതിരേ കത്തോലിക്ക മാനേജ്മെന്റ് അടക്കമുള്ളവർ രംഗത്തെത്തിയതോടെ സഭയും സർക്കാരും തമ്മിൽ ഭിന്നതയ്ക്കിടയാക്കിയിരുന്നു. ഭിന്നശേഷി നിയമനത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മ​റ്റു മാനേജ്‌മെന്റുകൾക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഇതിന്റെ പേരിൽ മന്ത്രി ശിവൻകുട്ടിയും സഭാ നേതൃത്വവും തമ്മിൽ വലിയ വാക്പോരിനും ഇടയാക്കിയിരുന്നു.