വികസനത്തിലുണ്ടായത് മാജിക്ക്: മന്ത്രി മുഹമ്മദ് റിയാസ്

Tuesday 07 October 2025 3:26 AM IST

തിരുവനന്തപുരം: സർക്കാരിന്റെ നിശ്ചയ ദാർഢ്യത്തോടെയുള്ള ഇടപെടലിലൂടെ പശ്ചാത്തല വികസനത്തിൽ മാജിക് പോലെ അദ്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബി.എം,ബി.സി നിലവാരത്തിൽ നവീകരിച്ച അമ്പലംമുക്ക് - മുട്ടട -പരുത്തിപ്പാറ റോഡ്, അമ്പലംമുക്ക് -എൻ.സി.സി റോഡ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 ശതമാനം റോഡുകളും അഞ്ചുവർഷത്തിനകം ബി.എം,ബി.സി നിലവാരത്തിൽ നവീകരിക്കണമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ നാല് വർഷം കൊണ്ട് ഇത് പൂർത്തീകരിക്കാനായി. പിണറായി സർക്കാരിന്റെ വരവോടെ വികസനരംഗത്ത് മാജിക്ക് പോലെയാണ് മാറ്റമുണ്ടായത്. തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡുകൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിനൊപ്പം നഗരസഭയും ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.സുരകുമാരി,കൗൺസിലർമാരായ അജിത് രവീന്ദ്രൻ,അംശു വാമദേവൻ,ജമീല ശ്രീധർ,മീന ദിനേശ്,സൂപ്രണ്ടിംഗ് എൻജിനിയർ ആർ.വിമല,എക്സിക്യൂട്ടീവ് എൻജിനിയർ രാജ്‌മോഹൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.