ടെന്നീസ് കളിച്ച് മന്ത്രിയും എം.എൽ.എയും

Tuesday 07 October 2025 2:29 AM IST

തിരുവനന്തപുരം: മന്ത്രിയുടെയും എം.എൽ.എയുടെയും വാശിയേറിയ ടെന്നീസ് മത്സരം കാണികൾക്ക് കൗതുകമായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്മാരക നാഷണൽ റാങ്കിംഗ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേളയിലാണ് കായിക മന്ത്രി വി.അബ്ദുറഹ്മാനും ചാണ്ടി ഉമ്മൻ എം.എൽ.എയും ഏറ്റുമുട്ടിയത്.

ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രാജ്യത്തെ മുൻനിര റാങ്കിംഗ് താരങ്ങളാണ് ഇന്നുമുതൽ 10വരെ നടക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ എ.ഐ.ടി.എ മെൻസ് ഒൺ ലാക്ക് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷനും മന്നം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന ടൂർണമെന്റിന് തിരുവനന്തപുരം ടെന്നിസ് ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്.

ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ടെന്നീസ് ക്ളബിൽ നടന്ന ചടങ്ങിൽ ചാണ്ടിഉമ്മൻ എം.എൽ.എ, ഡോ.മറിയ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു. പത്തിനാണ് ഫൈനൽ മത്സരങ്ങളും സമ്മാനദാനവും സമാപനവും നടക്കുക.