ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്; ഗാസ സമാധാന പദ്ധതിയുടെ ഒന്നാംഘട്ട ചർച്ച അവസാനിച്ചു
കെയ്‌റോ: ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്‌തിൽ നടന്ന മദ്ധ്യസ്ഥ ചർച്ചകളുടെ ഒന്നാംഘട്ടം അവസാനിച്ചു. അനുകൂല സാഹചര്യത്തിലാണ് ചർച്ച അവസാനിച്ചതെന്ന് ഈജിപ്‌ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്‌തിലെ ഷാമെൽ ഷെയ്‌ഖ് റിസോർട്ടിലാണ് ചർച്ച നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്‌തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിയിലായിരുന്നു ചർച്ച നടന്നത്.
ബന്ദികളുടെ മോചനവും പാലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് വിവരം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്‌ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചർച്ചക്കെത്തിയത്.
അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധം ഇന്ന് രണ്ടാം വർഷത്തിൽ എത്തിനിൽക്കുകയാണ്. 2023 ഒക്ടോബർ ഏഴിനാണ് ഇസ്രയേലിൽ ഹമാസ് ആക്രമണമുണ്ടായത്. 1,195 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഗാസ യുദ്ധത്തിന് തുടക്കമായി. 67,130 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 169,580 പേർക്ക് പരിക്കേറ്റു. 251 പേരാണ് യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടത്. 146 പേർ മോചിതരായി. 57 ബന്ദികൾ കൊല്ലപ്പെടുകയും ചെയ്തു. 2025 സെപ്തംബർ 29നാണ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ച് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ചത്.