ഫ്രാൻസിൽ പ്രധാനമന്ത്രി രാജിവച്ചു, മാക്രോൺ പ്രതിസന്ധിയിൽ

Tuesday 07 October 2025 7:08 AM IST

പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പ്രതിസന്ധിയിലാക്കി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകർനു ഇന്നലെ രാജിവച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ മന്ത്രിസഭ രൂപീകരിച്ച പിന്നാലെ, 14 മണിക്കൂറിനുള്ളിൽ ലെകർനുവിന് രാജിവയ്ക്കേണ്ടി വന്നു. കൃത്യമായ ഭൂരിപക്ഷമില്ലാത്തതും ഒരു ഡസനിലേറെ പാർട്ടികൾ നിറഞ്ഞതുമാണ് ഫ്രഞ്ച് പാർലമെന്റ്. പുതിയ സർക്കാരിനെ വീഴ്ത്തുമെന്ന് സഖ്യ കക്ഷികളും എതിരാളികളും ഒരുപോലെ നിലപാടെടുത്തതോടെയാണ് അധികാരത്തിലേറി 27-ാം നാൾ ലെകർനുവിന്റെ സ്ഥാനം തെറിച്ചത്. മുൻ പ്രധാനമന്ത്രി ഫ്രാങ്കോയ്സ് ബെയ്റൂ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ സാഹചര്യത്തിൽ സെപ്തംബർ 9നാണ് 39 കാരനും മുൻ പ്രതിരോധ മന്ത്രിയുമായ ലെകർനുവിനെ മാക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചത്. മാക്രോൺ രാജിവയ്ക്കുകയോ പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയോ വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. മറ്റൊരാളെ പ്രധാനമന്ത്രിയായി നിയമിച്ചാൽ ലെകർനുവിന്റെ സ്ഥിതി ആവർത്തിക്കുമെന്നാണ് മുന്നറിയിപ്പ്. 21 മാസത്തിനിടെ 5 പ്രാധാനമന്ത്രിമാരാണ് ഫ്രാൻസിലുണ്ടായത്.