വൈദ്യശാസ്ത്ര നോബൽ 3 പേർക്ക്: രോഗപ്രതിരോധത്തിൽ വഴിത്തിരിവായ ഗവേഷണം

Tuesday 07 October 2025 7:10 AM IST

സ്റ്റോക്‌ഹോം : ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരത്തിന് മേരി ഇ. ബ്രോങ്കോ (യു.എസ്), ഫ്രെഡ് റാംസ്‌ഡെൽ (യു.എസ്), ഷിമോൺ സകാഗുചി (ജപ്പാൻ) എന്നിവർ അർഹരായി. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ശരീരത്തിലെ സ്വന്തം കലകൾക്ക് ഹാനികരമാവാത്തവിധം പുറമേനിന്നുള്ള രോഗാണുക്കളെമാത്രം നിർമാർജ്ജനം ചെയ്യുന്ന പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ് പ്രക്രിയയാണ് ഇതിന് ആധാരമെന്ന് കണ്ടെത്തി.

രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകാത്തത് എന്നിവ മനസിലാക്കാൻ കഴിഞ്ഞു ക്യാൻസർ, ഓട്ടോഇമ്മ്യൂൺ രോഗ ചികിത്സയിലേക്ക് പുതിയ വഴി തുറന്നു.

മേരി (64): സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ സീനിയർ പ്രോഗ്രാം മാനേജർ.

റാംസ്‌ഡെൽ (65): സാൻ ഫ്രാൻസിസ്കോയിലെ സൊണോമ ബയോതെറാപ്യൂട്ടിക്സിൽ സയന്റിഫിക് അഡ്വൈസർ.

സകാഗുചി (74):ഒസാക യൂണിവേഴ്സിറ്റിയുടെ ഇമ്മ്യൂണോളജി ഫ്രണ്ടിയർ റിസേർച്ച് സെന്ററിലെ പ്രൊഫസർ .

പുരസ്കാര തുകയായ 11 മില്യൺ സ്വീഡിഷ് ക്രോണർ (10,38,50,000 രൂപയിലേറെ) മൂവരും തുല്യമായി പങ്കിടും. ഡിസംബർ 10ന് സ്റ്റോക്ഹോമിലാണ് സമ്മാനദാനം.

# പ്രതിരോധത്തിന്റെ

സുരക്ഷാ ഭടൻമാർ

1. നമ്മുടെ രോഗപ്രതിരോധ സംവിധാനം, ശരീരത്തെ ആക്രമിക്കാനെത്തുന്ന ആയിരക്കണക്കിന് വ്യത്യസ്‌ത സൂക്ഷ്മാണുക്കളിൽ നിന്ന് ദിവസവും സംരക്ഷണം നൽകുന്നു. സൂക്ഷ്മാണുക്കളുടെ രൂപം വ്യത്യസ്തം. പലതിനും മനുഷ്യകോശങ്ങളുമായി സാമ്യം

2. എന്തിനെയാണ് ആക്രമിക്കേണ്ടതെന്നും എന്തിനെയാണ് സംരക്ഷിക്കേണ്ടതെന്നും രോഗപ്രതിരോധ സംവിധാനം എങ്ങനെയാണ് നിർണ്ണയിക്കുന്നത് ? ഇതിന്റെ ഉത്തരം മൂവരും കണ്ടെത്തി. സ്വന്തം ശരീരത്തെ ആക്രമിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ കോശങ്ങളെ തടയുന്ന 'റെഗുലേ​റ്ററി ടി കോശങ്ങളെ " മൂവരും തിരിച്ചറിഞ്ഞു

3. റെഗുലേ​റ്ററി ടി കോശങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന്റെ സുരക്ഷാ ഭടൻമാരായി പ്രവർത്തിക്കുന്നു. ഇവ രോഗപ്രതിരോധ കോശങ്ങളെ നിരീക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനം നമ്മുടെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു