യുദ്ധത്തിന്റെ 2 വർഷങ്ങൾ: കണ്ണീരായി ഗാസ

Tuesday 07 October 2025 7:16 AM IST

ടെൽ അവീവ് : ഗാസ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. 2023 ഒക്ടോബർ 7ന് ഹമാസ് രാജ്യത്തേക്ക് നുഴഞ്ഞുകയറി ആയിരത്തിലേറെ പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിന് മറുപടിയായി ഇസ്രയേൽ വിതച്ച രോഷാഗ്നി ഇന്നും ആളിക്കത്തുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 67,160 പാലസ്തീനികൾ മരിച്ചുവീണു. ഇന്നലെ മാത്രം 10 പേർ മരിച്ചു.

ഇനിയും ഗാസയിൽ ചോരപ്പുഴ ഒഴുകാതിരിക്കട്ടെ. സംഘർഷം സമാധാനപരമായ പരിഹരിക്കണേ എന്ന പ്രാർത്ഥനയിലാണ് ലോകം. ഇന്നലെ ഈജിപ്റ്റിൽ തുടങ്ങിയ വെടിനിറുത്തൽ ചർച്ചയിലൂടെ ഗാസയിൽ സമാധാനം തിരിച്ചെത്തുമെന്ന പ്രത്യാശയിലാണ് ലോകം.

# കണക്കുകൾ ഭീകരം

 മരണം - 67,160

ഇതിൽ കുട്ടികൾ - 19,424

പട്ടിണി മൂലം മരിച്ചവർ - 459

 പരിക്ക് - 169,679

 ഗാസയിൽ ശേഷിക്കുന്ന ഇസ്രയേലി ബന്ദികൾ - 48 (ഏകദേശം 20 പേർ മാത്രം ജീവനോടെ)

 92% ജനവാസ കെട്ടിടങ്ങൾ തകരുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തു

 90% പാലസ്തീനികൾക്കും ഗാസയ്ക്കുള്ളിൽ പലായനം ചെയ്യേണ്ടിവന്നു

 80% ഗാസ പ്രദേശങ്ങളും ഇസ്രയേൽ നിയന്ത്രണത്തിൽ

 5,14,000 മനുഷ്യർ ക്ഷാമം നേരിടുന്നു

# ഇസ്രയേലിന് മേൽ സമ്മർദ്ദം

 മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നത് ഇസ്രയേലിന്റെ യുദ്ധ ലക്ഷ്യങ്ങൾ. ഇവ രണ്ടും നേടാനായിട്ടില്ല

 ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയേ,​ യഹ്യാ സിൻവാർ, മുഹമ്മദ് ദെയ്ഫ്, മുഹമ്മദ് സിൻവാർ തുടങ്ങിയവരെ ഇസ്രയേൽ വധിച്ചു

 മേധാവി ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതോടെ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചു (ഹിസ്ബുള്ളയും യെമനിലെ ഹൂതി വിമതരും ഇറാനും ഹമാസിന്റെ സഖ്യ കക്ഷികൾ)

 ഹൂതികൾക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുന്നു. ഇറാനെയും ആക്രമിച്ചു

 യുദ്ധക്കുറ്റത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

 ഓസ്ട്രേലിയ, യു.കെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പാലസ്തീനെ അംഗീകരിച്ചു. യു.എന്നിലെ 193 അംഗങ്ങളിൽ പാലസ്തീനെ അംഗീകരിച്ചത് 157 രാജ്യങ്ങൾ

 നിരവധി രാജ്യങ്ങൾ ഇസ്രയേലിലേക്ക് ആയുധക്കയറ്റുമതി നിറുത്തി

 കൊളംബിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ തുടങ്ങിയവർ ഇസ്രയേലിന് ഉപരോധങ്ങൾ ചുമത്തി

# സമാധാന ചർച്ചയിൽ​ പ്രതീക്ഷയോടെ....

ഗാസ യുദ്ധത്തിന് ഇന്ന് 2 വർഷം തികയവെ, സമാധാന പാത തുറക്കുമെന്ന പ്രതീക്ഷയോടെ വെടിനിറുത്തൽ ചർച്ച തുടങ്ങി. ഇന്നലെ ഈജിപ്റ്റിലെ ഷാം അൽ ഷെയ്ഖിൽ തുടങ്ങിയ ചർച്ച വഴി ഈ ആഴ്ചയോ അടുത്ത ആഴ്ച ആദ്യമോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതി പ്രകാരമുള്ള വെടിനിറുത്തലും ബന്ദി മോചനവും സാദ്ധ്യമാക്കാൻ കഴിഞ്ഞേക്കും.

ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ അൽ ഹയ്യയാണ് അവരുടെ പ്രതിനിധി സംഘത്തെ നയിക്കുന്നത്. മൊസാദ്, ഷിൻ ബെറ്റ് ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇസ്രയേൽ ടീമിൽ. ഇസ്രയേലി സ്ട്രാറ്റജിക് വകുപ്പ് മന്ത്രി റോൺ ഡെർമർ വെർച്വലായും പങ്കെടുക്കും. ഇസ്രയേലും ഹമാസും നേരിട്ടല്ല ചർച്ച. മറിച്ച്, ഈജിപ്റ്റ്, ഖത്തർ, യു.എസ് എന്നിവരുടെ മദ്ധ്യസ്ഥത വഴിയാണ്. ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും ട്രംപിന്റെ പ്രത്യേക ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കുന്നുണ്ട്. ചർച്ചകൾ കുറച്ചു ദിവസം നീണ്ടേക്കുമെന്ന് യു.എസ് വ്യക്തമാക്കി. വെടിനിറുത്തലും ബന്ദി മോചനവും ഉൾപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണ് ഇപ്പോൾ ശ്രമം. ഗാസയുടെ ഭാവി, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേലിന്റെ സൈനിക പിന്മാറ്റം എന്നിവയിൽ പിന്നാലെ ധാരണയിലെത്താനാണ് നീക്കം.

 പദ്ധതിയുടെ ആദ്യ ഘട്ടം ഈ ആഴ്ച തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

- ഡൊണാൾഡ് ട്രംപ്