ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാനുള്ള ശ്രമം; ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി സംസാരിച്ച അദ്ദേഹം സംഭവം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കിയെന്ന് പ്രതികരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
"ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയോട് സംസാരിച്ചു. സുപ്രീം കോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്" എന്നാണ് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തത്.
സുപ്രീംകോടതി സിറ്റിംഗിനിടെ ചീഫ് ജസ്റ്റിസിനുനേരെ ഷൂ വലിച്ചെറിയാനാണ് ശ്രമമുണ്ടായത്. 71 വയസുള്ള അഭിഭാഷകൻ രാകേഷ് കിഷോറാണ് ചീഫ് ജസ്റ്റിസിനുനേരെ ആക്രമണം നടത്തിയത്. 'സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
കഴിഞ്ഞദിവസം രാവിലെ 11.30ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും മലയാളി ജഡ്‌ജി കെ വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. കേസുകൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ മെൻഷനിംഗ് നടത്തുന്നതിനിടെ രാകേഷ് കിഷോർ ഡയസിന് മുന്നിലേക്ക് നീങ്ങി. ഷൂ ഊരി ചീഫ് ജസ്റ്റിസിനു നേർക്ക് എറിയാൻ ആഞ്ഞതും സുരക്ഷാജീവനക്കാർ പിടികൂടി.
വിനോദ് ചന്ദ്രനോട് മാപ്പുചോദിക്കുന്നതായും ഗവായിയെയാണ് ലക്ഷ്യമിട്ടതെന്നും അഭിഭാഷകൻ വിളിച്ചു പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശ്രദ്ധ തിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കോടതി നടപടികൾ പതിവുപോലെ തുടർന്നു.
അഭിഭാഷകനെതിരെ കേസ് വേണ്ടെന്നാണ് ഗവായി നിലപാട് എടുത്തത്. നടപടികൾ വേണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിട്ടയച്ചു. ഷൂസ് അടക്കം തിരിച്ചുകൊടുത്തു.
എന്നാൽ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. ഇത് പിൻവലിക്കുന്നതുവരെ പ്രാക്ടീസ്ചെയ്യാൻ കഴിയില്ല. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ, ബാർ അസോസിയേഷൻ, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ സംഘടനകൾ അക്രമത്തെ അപലപിച്ചു.