വാഹനത്തിന് സൈഡ് കൊടുത്തില്ല: നടുറോഡിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

Tuesday 07 October 2025 1:55 PM IST

കണ്ണൂർ: നടുറോഡിൽ വയോധികനെ ക്രൂരമായി ആക്രമിച്ച് യുവാക്കൾ. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലു മണിയോട് കൂടി അഴീക്കൽ വച്ചാണ് സംഭവം. തിങ്കളാഴ്ചയാണ് പൊലീസ് സ്റ്റേഷനിൽ എത്തി ബാലകൃഷ്ണൻ പരാതി നൽകിയത്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന വയോധികനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. പിന്നീട് കാറിൽ നിന്ന് പുറത്തിറക്കി നടുറോഡിലിട്ടും തുടരെ മുഖത്തടിച്ചു. ഒടുവിൽ ഒരു കടയിലേക്ക് കയറിയ ബാലകൃഷ്ണനെ അവിടെ വച്ചും യുവാക്കൾ തല്ലുന്നത് ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്.

കാർ സൈഡ് ആക്കാത്തത് ചോദ്യം ചെയ്തപ്പോൾ വയോധികൻ അസഭ്യം പറഞ്ഞതായാണ് യുവാക്കൾ വീഡിയോയിൽ പറയുന്നത്. യുവാക്കളുടെ സംഘത്തിൽ ഉള്ളവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ബാലകൃഷ്ണന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.