സ്ത്രീയെ കടിച്ചുവലിച്ച് നദിയിലൂടെ നീന്തി മുതല; നിലവിളിച്ച് നാട്ടുകാർ, 55കാരിക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: മുതലയുടെ ആക്രമണത്തിൽ 55കാരിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുകദേവ് മഹലയുടെ ഭാര്യ സൗദാമിനി മഹലയെയാണ് മുതല ആക്രമിച്ചത്. ഖര സ്രോത നദിയിലൂടെ സ്ത്രീയെ കടിച്ചുകൊണ്ടുപോകുന്ന മുതലയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങൾ അലക്കാനായി നദിലേക്ക് പോയതായിരുന്നു സൗദാമിനി മഹല.
സ്ത്രീയെ മുതല നദിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ നിലവിളിക്കുകയായിരുന്നു. തുടർന്ന് മുതല സ്ത്രീയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് പോയി. ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറയുന്നു. സൗദാമിനിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ഒരു ആടിനെ മുതല വലിച്ചുകൊണ്ടുപോയിരുന്നതായി നാട്ടുകാർ പറയുന്നു. നദിക്ക് സമീപം പോകരുതെന്ന് വനംവകുപ്പ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.