കഫ് സിറപ്പ് മാത്രമല്ല, നമ്മൾ കഴിക്കുന്ന പല മരുന്നുകളും നിർമിച്ചത് ഇത്രയും വൃത്തിഹീനമായ സ്ഥലത്ത്, ഞെട്ടിക്കുന്ന വിവരങ്ങൾ
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ദുരന്തങ്ങളിലൊന്നാണ് അടുത്തിടെ മദ്ധ്യപ്രദേശിലുണ്ടായത്. ചുമയ്‌ക്കുള്ള മരുന്ന് കഴിച്ച് 16 കുരുന്നുകൾക്കാണ് ജീവൻ നഷ്‌ടമായത്. ഈ സംഭവം രാജ്യത്തുടനീളം വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കലിൽ നിന്നാണ് കുട്ടികളുടെ മരണത്തിന് കാരണമായ 'കോൾഡ്രിഫ്' എന്ന കഫ് സിറപ്പ് നിർമിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിൽ 14ഉം രാജസ്ഥാനിൽ രണ്ട് കുട്ടികളുമാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്. തമിഴ്‌നാട് ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ മരുന്ന് നിർമാണത്തിൽ 350ലധികം പിഴവുകൾ കണ്ടെത്തി.
കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതയുള്ള ജീവനക്കാർ, ഉൽപ്പന്ന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങൾ എന്നിവയൊന്നും ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് പാലിച്ചിട്ടില്ലെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായി.
ഉൽപ്പാദനത്തിലെ അശ്രദ്ധ
മരുന്നിൽ പാകപ്പിഴ വരാനുള്ള പ്രധാന കാരണം ഉൽപ്പാദനത്തിലെ അശ്രദ്ധയാണ്. വൃത്തി തീരെയില്ലാത്ത സാഹചര്യത്തിലാണ് ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിൽ മരുന്ന് നിർമിച്ചിരുന്നത്. ഒട്ടും വായുസഞ്ചാരമില്ലാത്ത സ്ഥലത്ത് കേടായതും തുരുമ്പിച്ചതുമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മരുന്നുണ്ടാക്കുന്നത്. മരുന്ന് നിർമാണ പ്ലാന്റിന്റെ രൂപകൽപ്പന തന്നെ മലിനീകരണ സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മരുന്നിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന വകുപ്പ് ഇല്ല, ഓരോ ബാച്ച് മരുന്നുകൾ തയ്യാറാക്കുമ്പോഴും അതിന് മേൽനോട്ടം വഹിക്കാൻ അംഗീകൃത വ്യക്തിയെ നിയോഗിച്ചിട്ടില്ല. ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുന്നതിനോ ഗുണനിലവാര പരാജയങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ഉണ്ടായിരുന്നില്ല. കൂടാതെ ശുദ്ധീകരിച്ച ജലം, കൃത്യമായ ഇടവേളകളിലുള്ള വൃത്തിയാക്കൽ, കീടങ്ങളെ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള സംവിധാനങ്ങളും ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിൽ ഉണ്ടായിരുന്നില്ല.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ പോലുള്ള വ്യാവസായിക ഗ്രേഡ് പ്രൊപിലീൻ ഗ്ലൈക്കോൾ കഫ് സിറപ്പിൽ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രിന്റിംഗ് മഷി, പശ, ബ്രേക്ക് ഫ്ലൂയിഡ്, ലൂബ്രിക്കന്റുകൾ എന്നിവയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നതും വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്‌ക്ക് ഗുരുതര കേടുപാടുകൾ വരുത്തുന്നതുമായ ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ അംശം മരിച്ച കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. അനുവദനീയമായ പരിധിയേക്കാൾ അഞ്ഞൂറുമടങ്ങ് കൂടുതലായിരുന്നു ഇതിന്റെ അളവ്. 1940ലെ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് പ്രകാരം 39 നിയമലംഘനങ്ങളും 325 ഗുരുതരമായ നിയമലംഘനങ്ങളും കണ്ടെത്തി.
മരണത്തിനിടയാക്കിയ 'കോൾഡ്രിഫ്'
2025 മേയ് മാസത്തിൽ നിർമിച്ചതും 2027 ഏപ്രിലിൽ കാലഹരണപ്പെടുന്നതുമായ SR-13 ബാച്ചിലെ മരുന്നുകളാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. മാസങ്ങളായി ഇവ വിപണിയിലുണ്ട്. ചുമയ്‌ക്കുള്ള ഈ മരുന്ന് തമിഴ്‌നാട്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേ സൗകര്യത്തിൽ നിർമിച്ച റെസ്‌പോലൈറ്റ് ഡി, ജിഎൽ, എസ്ടി, ഹെപ്‌സാൻഡിൻ എന്നീ സിറപ്പുകളുടെ ഗുണനിലവാരത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല.
കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്. അപകടത്തെക്കുറിച്ച് അറിയാത്ത പല മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് ഡോക്‌ടറുടെ നിർദേശപ്രകാരം ഈ മരുന്ന് കൊടുത്തു. പിന്നീട് മരുന്നിന്റെ ഉൽപ്പാദനം നിർത്തലാക്കാൻ തമിഴ്‌നാട് ഡ്രഗ് കൺട്രോൾ അതോറിറ്റി നിർദേശിച്ചു. ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ സ്റ്റോക്കുകളും മരവിപ്പിക്കുകയും കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. തമിഴ്‌നാട് സർക്കാർ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഡ്രഗ് കൺട്രോളറെ സ്ഥലംമാറ്റുകയും ചെയ്‌തു. മരുന്ന് കമ്പനി അടിസ്ഥാന മാനദണ്ഡമെങ്കിലും പാലിച്ചിരുന്നെങ്കിൽ വലിയ ദുരന്തം തടയാമായിരുന്നുവെന്നും സർക്കാർ സൂചിപ്പിച്ചു.