ദുരൂഹതകൾ ഒളിപ്പിച്ച് വവ്വാൽ ചിറകടിക്കുന്നു; ഷഹ്‌മോൻ ബി പറേലിൽ ഒരുക്കുന്ന രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

Tuesday 07 October 2025 5:06 PM IST

അപ്രതീക്ഷിതരായ ഫയർ ബ്രാന്റുകൾ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ വവ്വാൽ എന്ന ചിത്രം വരുന്നു. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പേര് ഇന്ന് അണിയറക്കാർ പുറത്തുവിട്ടു. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. ടൈറ്റിൽ വരുന്നുമെന്ന വിവരം പുറത്തുവിട്ട് നൽകിയ പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്തായിരിക്കും പോസ്റ്ററിൽ വെളിപ്പെടുത്തുക എന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു.

ചിറക് വിരിച്ചു നിൽക്കുന്ന ഒരു വവ്വാലിന്റെ രൂപത്തിലാണ് ടൈറ്റിൽ എഴുതിയിട്ടുള്ളത്. ഒരക്ഷരം മാത്രം ചുവപ്പു നിറത്തിലാണ്. പോസ്റ്ററിൽ അങ്ങിങ്ങായി രക്തതുള്ളികളും ടൈറ്റിലിൽ കാണുന്ന കുത്തിവരകളും സിനിമാ ആസ്വാദകരിൽ ആകാംഷ നിറയ്ക്കുന്നവയാണ്. അവസാന ലെറ്ററിനുള്ളിൽ കാണുന്ന പ്രത്യേക തരത്തിലുള്ള ആയുധവും ചിത്രത്തിന്റെ ജോണറിനെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു.

മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ - ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം - ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, സംഘടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പിആർഒ - എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ് - രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ് - ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.