സംവരണ നറുക്കെടുപ്പ് ഉടൻ, നെഞ്ചിടിപ്പോടെ മുന്നണികൾ

Wednesday 08 October 2025 12:10 AM IST

കോട്ടയം: മുന്നണികളിൽ നെഞ്ചിടിപ്പായി. തദ്ദേശ വാർഡ് സംവരണ നറുക്കെടുപ്പിന് ദിവസങ്ങൾ അടുത്തതോടെ എവിടെയൊക്കെ ആരെയൊക്കെ നിറുത്തുമെന്നതാണ് പ്രധാന ചർച്ച. ഏത് വാർഡിൽ നിന്നാലും ജയിക്കുമെന്നുള്ളവർ ഇതൊക്കെ എന്ത് എന്ന മട്ടിലാണെങ്കിലും സംവരണ ക്രമം നിശ്ചയിച്ച് കഴിഞ്ഞാൽ മാത്രമേ ഇതുവരെ ചെയ്ത പണികൾക്ക് എത്ര ഫലമുണ്ടാകുമെന്ന് അറിയാൻ കഴിയൂ. 13 മുതൽ 21 വരെ രാവിലെ 10ന് കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13 നുംപഞ്ചായത്തുകളിലേത് 13,14,15,16 തിയതികളിലും ബ്ലോക്ക് പഞ്ചായത്തിന്റെ 18 നും, ജില്ലാപഞ്ചായത്തിന്റെ 21 നുമാണ്.

13 ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ, 14 ന് ളാലം, ഉഴവൂർ, മാടപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, 15 ന് ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, 16 ന് വാഴൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നറുക്കെടുപ്പ് നടക്കും.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണസീറ്റുകൾ നിർണയിക്കുന്നതിനാണ് നറുക്കെടുപ്പ്.

സീറ്റ് മോഹികൾക്ക് നിരാശയാകുമോ ?

വാർഡ് നിർണം കഴിഞ്ഞാൽ എവിടെ ആരൊക്കെയെന്ന് ഉറപ്പിക്കാം. കുപ്പായം തയ്പ്പിച്ച് വച്ചവർക്ക് സീറ്റ് നഷ്ടപ്പെടാം. ഒരിക്കലും പ്രതീക്ഷിക്കാത്തവർ സ്ഥാനാർത്ഥികളുമാവും. മത്സര ലക്ഷ്യംവച്ച് വാർഡ് നന്നായി നോക്കിയവർക്കും സംവരണത്തിന്റെ പേരിൽ പണികിട്ടാം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരുമെന്നതിനാൽ ഉദ്ഘാടനം നടത്താനുള്ള ഓട്ടവും തകൃതിയാണ്.

പരിശീലനം ആരംഭിച്ചു തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. നാലു ദിവസമായാണ് പരിശീലനം. വെള്ളിയാഴ്ച പൂർത്തിയാകും.