പാർക്കിംഗിന് ഇടമില്ലാതെ ആറ്റിങ്ങൽ പട്ടണം
ആറ്റിങ്ങൽ: ഗതാഗതക്കുരുക്കിന് പേരുകേട്ട ആറ്റിങ്ങൽ പട്ടണത്തിൽ വാഹന പാർക്കിംഗിന് ഇടമില്ലാതെ വിഷമിക്കുകയാണ് യാത്രക്കാർ. റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ ഫൈൻ ഉറപ്പാണ്. കച്ചേരി ജംഗ്ഷൻ കേന്ദ്രീകരിച്ച് മാത്രം നിരവധി ഓഫീസുകളുടെ കൂട്ടായ്മയായ മിനി സിവിൽസ്റ്റേഷന് പുറമേ ഹെഡ്പോസ്റ്റ് ഓഫീസ്, കെ.എസ്.ഇ.ബി, ഡിവൈ.എസ്.പി ഓഫീസ് അടക്കമുള്ള പൊലീസ് സ്റ്റേഷൻ, സബ്‌ജയിൽ, വിവിധ കോടതികൾ, സബ് ട്രഷറി, ധനകാര്യ സ്ഥാപനങ്ങൾ, നൂറുകണക്കിന് അഭിഭാഷക ഓഫീസുകൾ ഇങ്ങനെ നീളുന്നു ഓഫീസുകളുടെ പട്ടിക. എന്നാലിവിടങ്ങളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരുടെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുമെന്ന കാര്യത്തിൽ ഇനിയും അധികൃതർക്ക് ധാരണയില്ല.
എത്തിപ്പെട്ടാൽ
തിരിച്ചുപോകാനാവില്ല
ദേശീയപാതയുടെ ഭാഗമായ ഈ മേഖലയിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ അഞ്ചു വർഷം മുമ്പ് റോഡ് വീതി കൂട്ടി നാലുവരി പാതയാക്കിയതോടെ വഴിവാണിഭവും ഓട്ടോ, ടാക്സി സ്റ്റാൻഡുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഇല്ലാതായി. കോടതികളിലും ട്രഷറിയിലും എത്തുന്നവർക്ക് നിശ്ചിത സമയത്തിന് തിരിച്ചു പോകാനുമാകില്ല.
രണ്ടുവരിപ്പാത
ഒന്നായി ചുരുങ്ങി
റോഡ് വികസനം വന്നതോടെ കച്ചേരി ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡ് ഇല്ലാതായി. സിവിൽ സ്റ്റേഷന് മുന്നിൽ ടാക്സികൾക്ക് പാർക്ക് ചെയ്യാൻ മൗനാനുവാദം നൽകിയതോടെ ഈ മേഖലയിൽ രണ്ടു വരിപ്പാത ഒന്നായി ചുരുങ്ങി. ഓട്ടോറിക്ഷകൾ കൂടി റോഡിൽ ഇട്ടതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. ഓഫീസുകളിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്നുവച്ചാൽ മിക്ക ബസുകളും പാലസ്റോഡുവഴി മാറി ഓടുന്നു. കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്ക് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പാർക്കിംഗ് നിലവിൽ ദുസ്സഹമാണ്.