നെൽക്കൃഷി നശിപ്പിച്ച് പന്നിക്കൂട്ടം
Wednesday 08 October 2025 1:35 AM IST
കല്ലമ്പലം: കിഴക്കനേല പാടശേഖരത്തിലെ നെൽക്കൃഷി പന്നിക്കൂട്ടം നശിപ്പിച്ച നിലയിൽ. പന്നിശല്യം മൂലം നിലവിൽ കുറച്ചുപേർ മാത്രമാണ് പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. അത് പൂർണമായും നശിച്ച നിലയിലാണ്. വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകളൊന്നും കൃഷി ചെയ്യാനാവാത്ത സാഹചര്യമാണ് നിലവിൽ. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പന്നികളുടെ ശല്യം ദിനംപ്രതി കൂടുന്നതിനാലും വിള നാശം ഉണ്ടാകുന്നതിനാലും കടക്കെണിയിലാണ് കർഷകർ. നാശനഷ്ടം വിലയിരുത്തി കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജെ.തുളസീധര കുറുപ്പ് ആവശ്യപ്പെട്ടു.