സ്മാർട്ട് അങ്കണവാടിക്ക് മുന്നിലെ മരം മുറിച്ചുമാറ്റണമെന്ന്

Wednesday 08 October 2025 1:14 AM IST

പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്തിലുള്ള മേലമ്മാകം വാർഡിലെ സ്മാർട്ട് അങ്കണവാടിക്ക് ഭീഷണിയായി കൂറ്റൻ യൂക്കാലിപ്റ്റസ് മരം.അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നെങ്കിലും മരം കാരണം തുറന്ന് പ്രവർത്തിക്കാനാകുന്നില്ല.

അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. അങ്കണവാടിക്ക് മുന്നിലുള്ള കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാത്തതിനാൽ കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് എത്തിക്കാൻ രക്ഷകർത്താക്കൾ മടിക്കുകയാണ്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികളെ പഴയ അങ്കണവാടിയിലാണ് എത്തിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കടക്കം നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അങ്കണവാടിയിലെ പൂർവ വിദ്യാർത്ഥിയും ജനതാദൾ(എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ തച്ചക്കുടി ഷാജി മുഖ്യമന്ത്രിക്കും ആർ.ഡി.ഒയ്ക്കും പരാതി നൽകി.