ജപ്പാൻ കമ്പനിയിൽ ജോലി,​ കാണാനെത്തുന്നവ‌ർ നിരവധി,​ നാട്ടുകാർക്ക് സംശയം,​ വാഹന പരിശോധനയ്ക്ക് പിന്നാലെ യുവാവ് പിടിയിൽ

Tuesday 07 October 2025 8:28 PM IST

തിരുവനന്തപുരം: നാട്ടുകാരുടെ സംശയം ശരിയായി . 25കാരന്റെ വാഹനം പരിശോധിച്ചപ്പോൾ മാരകമായ പൊലീസിന് മാരകമായ ലഹരി വസ്തുക്കൾ. ചിറയിൻകീഴിലാണ് സംഭവം. മാരക മയക്കുമരുന്നുകളുമായി യുവാവിനെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ശാർക്കര സ്വദേശി അഭിജിത്ത് (25) ഒരു ജപ്പാൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവാണ്. പ്രതിയിൽ നിന്ന് 21 എൽഎസ്ഡി സ്റ്റാമ്പുകൾ,​ 0.3 ഗ്രാം എംഡിഎംഎ,​ 12 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ഇതിൽ എൽഎസ്ഡി സ്റ്റാമ്പുകളുടെ അളവ് ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നത്ര വലുതാണെന്ന് പൊലീസ് വ്യക്തമാക്കി.

പുറത്തുനിന്ന് നിരവധി പേർ അഭിജിത്തിനെ കാണാൻ എത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംശയം തോന്നി പൊലീസിന് രഹസ്യമായി വിവരം കൈമാറിയത്. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ലഹരി വ്യാപനത്തിനെതിരെ റൂറൽ ഡാൻസാഫ് സംഘം ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ സ്ത്രീകളടക്കം നിരവധി പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് രാസലഹരി ഉത്പ്പന്നങ്ങൾ പൊലിസ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് നാർക്കോട്ടിക് സെല്ലിന്റെ തീരുമാനം. അറസ്റ്റിലായ അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.