വ്യാജരേഖ ചമയ്ക്കൽ: പ്രതിക്ക് 3വർഷം കഠിനതടവും പിഴയും

Wednesday 08 October 2025 12:39 AM IST

കോട്ടയം : ഡോക്ടറുടെ പേരിൽ കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ചയാൾക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. വേളൂർ രഹമന്ത് മൻസ്സിൽ സലാഹുദ്ദീൻ (30) നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജ് എസ്.അനന്തകൃഷ്ണൻ ശിക്ഷിച്ചത്. 2015 ഏപ്രിൽ 14 നാണ് സംഭവം. സ്വന്തമായി ഉപയോഗിക്കുന്നതിനും, വില്പന നടത്തുന്നതിനുമായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഉറക്ക ഗുളികകളുടെ ഇനത്തിൽപ്പെട്ട മരുന്നുകൾ വാങ്ങാനായി പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബഷീർ പൊൻകുന്നം എന്ന പേരിൽ ഒ.പി ടിക്കറ്റ് വാങ്ങി. ഇതിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ആഷ പി.നായരുടെ പേരിൽ വ്യാജ ഒപ്പിട്ട ഒ.പി.ടിക്കറ്റ് കൈവശം സൂക്ഷിച്ചു. സംഭവ ദിവസം രാത്രി പ്രതിയെ ഇല്ലിക്കൽ മുൻസിപ്പൽ ഗ്രൗണ്ടിന് സമീപം ഇല്ലിക്കൽ താഴത്തങ്ങാടി റോഡിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വ്യാജരേഖ ചമച്ചതായി കണ്ടെത്തിയത്.