കരാർ കൊള്ള നടത്താൻ കരി ആയാലും മതി!

Wednesday 08 October 2025 2:03 AM IST

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പണ്ടേയ്ക്കു പണ്ടേയുണ്ട്. ദേവസ്വം ബോർഡ് രൂപീകരിക്കുന്നതിനു മുമ്പും ശേഷവും ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണങ്ങളാണ് ഭക്തരുടെ മനസിനെ ആദ്യം മുറിവേല്പിച്ച സംഭവം. ദേവസ്വം ബോർഡ് രൂപീകരിച്ചതിനു ശേഷം ക്ഷേത്രം തീവച്ചു നശിപ്പിച്ചത് 1950-ലാണ്. അന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കടന്ന അക്രമികൾ വിഗ്രഹത്തിന് കേടുപാടുകൾ വരുത്തി. ഇതേത്തുടർന്നാണ് അയ്യപ്പ സന്നിധിയിൽ ഇന്നു കാണുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിച്ചത്. 1951 ഏപ്രിൽ 14-ന് താഴമൺ മഠം തന്ത്രി കണ്ഠര് ശങ്കരര് ആയിരുന്നു പ്രതിഷ്ഠാകാരൻ. സഹായിയായത്, നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുത്തച്ഛൻ കണ്ഠര് മഹേശ്വരരും.

ക്ഷേത്രം തകർത്തവരുടെ അജണ്ട എന്തുതന്നെയായാലും പിന്നീട് ശബരീശ സന്നിധിയിലേക്ക് ഒരോ വർഷവും ഭക്തജന പ്രവാഹം വർദ്ധിച്ചു . തുടർന്ന് ശബരിമല ക്ഷേത്രത്തിൽ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തികൾ പലതും നടന്നു. 1985 നവംബർ 15-നാണ് പതിനെട്ടാംപടി പഞ്ചലോഹ നിർമ്മിതമാക്കിയത്. അതിനുശേഷം പതിനെട്ടാംപടിയിൽ നാളികേരം ഉടയ്ക്കുന്നത് കറുപ്പ സ്വാമി, കടുത്ത സ്വാമി നടകളുടെ ഇരുവശങ്ങളിലേക്കും മാറ്റി. 1971 മാർച്ച് 31-ന് ധ്വജപ്രതിഷ്ഠ നടത്തി. ഇതിനെല്ലാം ശേഷമാണ് ഇപ്പോഴത്തെ രീതിയിൽ, പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിച്ചത്.

ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കം കുറിച്ച ശബരിമല ശ്രീകോവിലും ദ്വാരപാലക വിഗ്രഹങ്ങളും മേൽക്കൂരയും സ്വർണം പൊതിയുന്നത് 1998- 99 കാലഘട്ടത്തിലാണ്. 30.3 കിലോ സ്വർണം ഉപയോഗിച്ചായിരുന്നു നിർമ്മാണം.

സന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ഭഗവത് ദർശനത്തിനൊപ്പം സ്വർണാഭമായ ക്ഷേത്ര ശ്രീകോവിലും കട്ടിളപ്പടികളും വാതിലുകളും പടിക്കെട്ടും ദ്വാരപാലക ശില്പങ്ങളുമെല്ലാം മനസിനെ ഭക്തിനിർഭരമാക്കുന്ന കാഴ്ചകളായിരുന്നു.

അയ്യപ്പഭക്തർ സ്വർണമായി കണ്ടിരുന്ന ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ദേവസ്വം ഉദ്യോഗസ്ഥരും ഭരണ നേതൃത്വവും ചേർന്ന് 'ചെമ്പ് പാളികളായി" രേഖ ചമച്ചു എന്ന വാർത്ത ഭക്തർക്ക് ആദ്യം അവിശ്വസനീയമായിരുന്നു. പിന്നീട് പുറത്തുവന്ന ഓരോ വാർത്തയും വിശ്വാസികളുടെ നെഞ്ചിൽ കടുത്ത ആശങ്കയും പ്രതിഷേധവുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ആക്രിക്കൊള്ള,​

കരിക്കൊള്ള!

മണ്ഡല - മകരവിളക്ക് കാലം തീർത്ഥാടകർക്ക് വ്രതശുദ്ധിയുടെ പുണ്യ നാളുകളാകുമ്പോൾ ഇക്കാലം ശബരിമലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും,​ ആജ്‌ഞാനുവർത്തികളായ കരാറുകാർക്കും കൊള്ളയ്ക്കുള്ള കൊയ്ത്തുകാലമാണ്. ആക്രിയും കരിയും മുതൽ പച്ചക്കറിയും പലവ്യഞ്ജനവും മാത്രല്ല,​ തൊട്ടതെല്ലാം തട്ടിപ്പിനായി ഉപയോഗിക്കും! ഇഷ്ട ഇടപാടുകാർക്ക് ടെൻഡർ കിട്ടിയില്ലെങ്കിൽ വളഞ്ഞവഴിയിലൂടെ വിചാരിക്കുന്നവർക്കുതന്നെ ടെൻഡർ ഉറപ്പിച്ചുനൽകിയ സംഭവങ്ങളുമുണ്ട്.

ശബരിമല നട തുറന്ന ശേഷം മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിപ്പിക്കുന്നതാണ് ആദ്യ ചടങ്ങ്. ഈ ഹോമകുണ്ഡത്തിലാണ് ഭക്തർ പവിത്രമായി ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നാളികേരത്തിന്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന നെയ്‌ത്തേങ്ങ കത്തിയമർന്ന് കരിയായി അവശേഷിക്കും. നട അടയ്ക്കുന്ന ദിവസം ഈ കരി ഹോമകുണ്ഡത്തിൽ നിന്ന് നീക്കം ചെയ്യണം. ഇതിനായി വർഷങ്ങൾക്കു മുമ്പ് കരാറുകാർക്ക് അങ്ങോട്ട് പണം നൽകിയാണ് വൃത്തിയാക്കിയിരുന്നത്.

ടൺ കണക്കിന് കരി നീക്കം ചെയ്യാൻ ലക്ഷങ്ങളാണ് ദേവസ്വം ബോർഡ് ഇപ്പോൾ വകയിരുത്തുന്നത്. മാർക്കറ്റിൽ വലിയ വിലയുള്ള ഈ ചിരട്ടക്കരിക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തരക്കാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് കരി നീക്കം ചെയ്യാൻ ഉദ്യാഗസ്ഥർ അനുവദിച്ചിരുന്നത്. ഇവർക്കായി ദേവസ്വം അനുവദിക്കുന്ന പണവും ഒപ്പിട്ട് കീശയിലാക്കുന്നത് ഉദ്യോഗസ്ഥർ തന്നെ. അക്കാലത്ത് ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി 'കേരളകൗമുദി" വാർത്ത നൽകിയതോടെയാണ് കരിക്കൊള്ളയ്ക്ക് വിരാമമായത്. ഇതേ തുടർന്നാണ് കരി ലേലം ചെയ്തുനൽകാൻ ആരംഭിച്ചത്.

സുതാര്യമല്ലാത്ത

ഇ- ടെൻഡറുകൾ

ശബരിമലയിലെ ലേല നടപടികൾ സുതാര്യമാക്കാനാണ് ഇ- ടെൻഡർ നടപടികൾ തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഉൾപ്പെടെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് ജൂലായ് 30-ന് ടെൻഡർ വിളിച്ചു. ടെൻഡർ നിബന്ധനകളിൽ പിശകു പറ്റിയെന്ന് ചൂണ്ടികാട്ടി ടെൻഡർ തുറക്കേണ്ടതിന്റെ തലേദിവസം ഇത് റദ്ദാക്കി. അതോടെ ആരൊക്കെ,​ ഏതൊക്കെ ടെൻഡറിലാണ് പങ്കെടുത്തതെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് വ്യക്തമായി.

തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 18-ന് വീണ്ടും നടന്ന ടെൻഡറിൽ ആദ്യ ഇനങ്ങളിൽ പങ്കെടുക്കാത്തവർ ഹാജരായി വലിയ തുകയാണ് എഴുതിയത്. ഇതിൽ ശബരിമലയിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം പോയ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ നാളികേരം, സന്നിധാനത്തെ പുഷ്പാഭിഷേകം എന്നിവ കോടതിയുടെ ഇടപെടലിനെ തുടർന്ന് ക്യാൻസൽ ചെയ്തു. അറിയിപ്പ് നൽകിയതിനേക്കാൾ ടെൻഡർ തുറക്കാൻ ഒരു ദിവസംകൂടി ദീർഘിപ്പിച്ചു നൽകിയതിനെതിരെ ഒരാൾ കോടതിയെ സമീപിച്ചതോടെയായിരുന്നു നടപടി. ഇതോടെ ശബരിമലയിലെ ഇ-ടെൻഡറിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ഇഷ്ടക്കാരന്

കരാർ നൽകി

ശബരിമലയിൽ പച്ചക്കറിയും പലചരക്കും വാങ്ങുന്നതിൽ ഒന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നത് 2018-19 കാലയളവിലാണ്. ഇക്കാലയളവിൽ കരാറുകാരൻ ഉദ്യോഗസ്ഥർക്കൊപ്പം കള്ളത്തരങ്ങൾ കാട്ടാൻ കൂട്ടുനിൽക്കാത്തതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതേ തുടർന്ന് 2019-20 കാലയളവിൽ പച്ചക്കറിയും -പലചരക്ക് സാധനങ്ങളും വാങ്ങാൻ ദേവസ്വം ബോർഡ് ഇ- ടെൻഡർ വിളിച്ചു. ഇതിൽ പത്തുപേർ പങ്കാളികളായി. ഏറ്റവും കുറഞ്ഞ തുക എഴുതിയത് തൊട്ടുമുമ്പത്തെ വർഷം ടെൻഡർ എടുത്ത കരാറുകാരനാണ്. സാധനം വാങ്ങുന്നതിൽ അഴിമതി നടക്കില്ലെന്നു കണ്ടതോടെ ടെൻഡർ ലഭിച്ചെങ്കിലും കരാറുകാരനെ ഒഴിവാക്കി മറ്റൊരാൾക്ക് കരാർ നൽകി. നിയമപരമായി ലഭിച്ച കരാറുകാരൻ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടക്കുകയാണ്.

(തുടരും)