ക്രെയിൻ ഉപയോഗിച്ച് ഇറക്കിവച്ച ലോഡിന് നോക്കുകൂലി 5000 രൂപ
പാറശാല: കെ.എസ്.ഇ.ബിയുടെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ യൂണിയൻ പ്രവർത്തകർ, കോൺട്രാക്ടറിൽ നിന്ന് 5000 രൂപ നോക്കുകൂലി വാങ്ങി. കണ്ടെയ്നർ ലോറിയിലെത്തിച്ച ലോഡുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കിവച്ചപ്പോൾ ദൂരെമാറി നോക്കിനിന്ന യൂണിയൻ പ്രവർത്തകരാണ് നോക്കുകൂലി വാങ്ങിയത്. കെ.എസ്.ഇ.ബിയുടെ പാറശാല ആലമ്പാറയിലെ സബ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ ഇന്നലെയായിരുന്നു സംഭവം. സബ്‌സ്റ്റേഷന്റെ ശേഷി വർദ്ധനവുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കായി ഗുജറാത്തിലെ സ്റ്റെൽമെക് എന്ന കമ്പനിയിൽ നിന്നയച്ച 10 കൺട്രോൾ പാനലുകൾ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കി വച്ചതിനാണ് നോക്ക്കൂലി വാങ്ങിയത്. കൺട്രോൾ പാനലുകൾ അതീവ സുരക്ഷയുള്ളതുകൊണ്ടും തൊഴിലാളികൾക്ക് നേരിട്ട് ഇറക്കിവയ്ക്കാൻ കഴിയാത്തതുകൊണ്ടും പാനലുകൾ ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഇറക്കാവൂവെന്ന ലേബർ കമ്മിഷണറുടെ മുൻകൂറായുള്ള നിർദ്ദേശമുണ്ടായിരുന്നു. നോക്കുകൂലിയായി ഒരു ലക്ഷം രൂപയാണ് തൊഴിലാളികൾ ആദ്യം ആവശ്യപ്പെട്ടത്.തുടർന്ന് തർക്കം കാരണം ലോഡുമായെത്തിയ ലോറി ഒരു ദിവസം കെ.എസ്.ബിയുടെ കോമ്പൗണ്ടിനുള്ളിൽ കാത്തുകിടന്നു. ലേബർ ഓഫീസറോ മറ്റ് അധികൃതരോ എത്താത്തതിനെ തുടർന്ന് പാറശാല പൊലീസിന്റെ സഹായത്തോടെയുണ്ടായ ഒത്തുതീർപ്പ് ധാരണയനുസരിച്ച് കോൺട്രാക്ടർ നോക്കുകൂലിയായി 5000രൂപ നൽകുകയായിരുന്നു.