യാത്രയ്‌ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, 18 മരണം, സംഭവം ഹിമാചലിൽ

Tuesday 07 October 2025 9:27 PM IST

ഷിംല: ശക്തമായ മണ്ണിടിച്ചിൽ ബസ് അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ എണ്ണം 18 ആയി. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിൽ വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. ബിലാസ്‌പൂരിലെ ഭല്ലു പാലത്തിന് സമീപം ബർദ്ധിൻ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്‌ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായയുടൻ പാടേ തകർന്നു. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി.

ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതിൽ 15 പേരാണ് മരിച്ചത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രക്ഷാദൗത്യ സംഘം പുറത്തെത്തിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ മാതാവും അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ബിലാസ്‌പൂരിലെ ബർദ്ധിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭ്യമല്ല. ബസിലെ ഡ്രൈവറും കണ്ടക്‌ടറും അപകടത്തിൽ മരിച്ചതായാണ് വിവരം.