സ്വപ്ന വിദ്യാലയത്തിനായി ഒത്തുചേർന്ന് 400 കുട്ടികൾ

Tuesday 07 October 2025 10:13 PM IST

കാസർകോട്: സ്വന്തം സ്കൂളിനെ സ്മാർട്ടാക്കാനും പരിമിതികൾ മറികടക്കാനുമുള്ള നിർദ്ദേശങ്ങളുമായി 400ഓളം വിദ്യാർത്ഥികൾ. പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന കാസർകോട് ബാര ഗവ. ഹൈസ്‌കൂളിന്റെ വികസനത്തിനായി എട്ട് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എന്മകജെയുടെ കഥാകാരൻ ഡോ. അംബികാസുതൻ മാങ്ങാട് അടക്കമുള്ളവർ പഠിച്ച സ്കൂളാണിത്.

'എന്റെ സ്വപ്ന വിദ്യാലയം" എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് എഴുതാനാണ് ഹെഡ്മിസ്ട്രസ് മീനാകുമാരി കുട്ടികളോട് നിർദ്ദേശിച്ചത്.

സ്കൂളിന്റെ വികസനത്തിനും തങ്ങളുടെ അഭിരുചികളെ വളർത്തുന്നതിനും ആധുനിക സൗകര്യങ്ങൾ കൂടി ഉണ്ടാകണമെന്നതടക്കമാണ് നി‌ർദ്ദേശങ്ങൾ.

അദ്ധ്യാപകരും സ്റ്റാഫ് കൗൺസിലും ചേർന്ന് അവ പരിശോധിച്ച് പുസ്തക രൂപത്തിലാക്കി 'ഉയരെ ബാര എന്റെ സ്വപ്ന വിദ്യാലയം" എന്ന പേരിലാണ് അത് പുറത്തിറക്കിയത്. 'കൈയെത്തും ദൂരെ..." എന്ന പേരിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികളുടെ നിർദ്ദേശങ്ങൾ

1. പൂന്തോട്ടവും ശിശു സൗഹൃദപാർക്കും വേണം

2. ക്ലാസുകളിൽ പഠിപ്പിക്കുന്നത് പ്രോജക്ട് വച്ചായിരിക്കണം

3. സ്കൂൾ കാമ്പസിൽ കാന്റീനും സ്റ്റേഷനറി കടയും വേണം

4. അസംബ്ലി സ്ഥലത്ത് പന്തൽ പണിയണം, നീന്തൽക്കുളം വേണം

5. ഉച്ചഭക്ഷണ മെനുവിൽ ഒരു ദിവസം ബിരിയാണി ഉൾപ്പെടുത്തണം

6. പഠിപ്പിക്കാത്ത അദ്ധ്യാപകരെ ട്രാൻസ്ഫർ ചെയ്യണം