ചേർത്തലയിൽ തുന്നിയ ഭീമൻഗൗൺ കടൽകടന്നു

Wednesday 08 October 2025 1:14 AM IST

ചേർത്തല: ചേർത്തലയിൽ 80 മീറ്റർ തുണിയിൽ തയ്ച്ച ഗൗൺ ഓസ്ട്രേലിയയിലേയ്ക്ക്. അവിടെ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് വമ്പൻ ഗൗൺ റെഡിയാക്കിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയിട്ടുള്ളത്. ആദ്യ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും, രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും, മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തയ്യാറാക്കിയത്. ഫ്ലയർ 218 മീറ്ററുണ്ട്. യോക്കിനും സ്ലീവിനും കൂടി 9 മീറ്റർ തുണിയും ഉപയോഗിച്ചു.ജോബി ലൂയിസിന്റെയും പി.എ ബിനുവിന്റേയും ഉടമസ്ഥതയിൽ ചേർത്തല പാരഡൈസ് തീയറ്ററിന് സമീപത്തെ വൈബ് ഡിസൈനിംഗ് സ്റ്റിച്ചിംഗ് സെന്റസെന്ററിൽ പി.എ ബിനുവാണ് ഗൗൺ തുന്നി റെഡിയാക്കിയത്. പട്ടണക്കാട് സ്വദേശിയായ ഡോ.റിന്റുവഴിയാണ് ഇവർക്ക് ഓർഡർ ലഭിച്ചത്. ഓസ്ട്രേലിയക്ക് കൊണ്ടു പോകുന്നതിനായി ഗൗൺ ഇന്നലെ ഉടമസ്ഥർക്ക് കൈമാറി.

25 വർഷമായി തയ്യൽ മേഖലയിൽ തൊഴിലാളിയായ ബിനു ഏറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. 3 വർഷം മുമ്പാണ് ചേർത്തലയിൽ സ്ഥാപനം തുടങ്ങിയത്. ചേർത്തല കണ്ടമംഗലം ക്ഷേത്ര സമിതിയിലെ ഖജാൻജിയായ ബിനു,​ തയ്യൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)​ അരൂർ ഏരിയ സെക്രട്ടറിയുമാണ്.

സാധാരണയായി 20 മീറ്റർ തുണി ഉപയോഗിച്ചാണ് ഗൗൺ തയ്ക്കുന്നത്. ആദ്യമായിട്ടാണ് 80 മീറ്റർ തുണി ഉപയോഗിക്കുന്നത്

-ബിനു