കുന്നംകുളം ചൊവ്വന്നൂരിലെ കൊലപാതകം: യുവാവിനെ മുറിയിലെത്തിച്ചത് മദ്യം നൽകാമെന്ന് പറഞ്ഞ്
കുന്നംകുളം: ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്‌സിൽ പാതി കത്തിയ നിലയിൽ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം. പെരുമ്പിലാവ് ആൽത്തറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശിവയുടെ (34) മൃതദേഹം ഡി.എൻ.എ പരിശോധന നടത്തി ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
ശനിയാഴ്ച വൈകിട്ടാണ് ക്വാർട്ടേഴ്‌സിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ മദ്യം നൽകാമെന്ന് പറഞ്ഞാണ് യുവാവിനെ കൊലപാതക കേസിൽ അറസ്റ്റിലായ സണ്ണി മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കുന്നംകുളത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്ത് നിന്നാണ് ശനിയാഴ്ച വൈകീട്ട് സണ്ണി യുവാവിനെ പരിചയപ്പെടുന്നത്. ഇവിടെ നിന്ന് രണ്ടുപേരും മദ്യപിച്ചു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ അറിയില്ലെന്നാണ് സണ്ണി പറയുന്നത്.
ബസിൽ പിന്നീട് ചൊവ്വന്നൂരിലെത്തി. അവിടെയുള്ള കടയിൽ നിന്ന് ഓംലെറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങി. ഭക്ഷണം തയ്യാറാക്കുന്നതിന് യുവാവ് ഉള്ളി അരിയുന്നതിനിടെ സണ്ണി സ്വവർഗരതിക്ക് പ്രേരിപ്പിച്ചു. ഇതിന് വിസമ്മതിച്ച യുവാവ് കത്തി വീശി. ഇത് തടഞ്ഞ സണ്ണി കത്തി പിടിച്ചുവാങ്ങി തിരിച്ചുകുത്തി. ബഹളമുണ്ടാക്കിയതോടെ ഫ്രൈപാൻ എടുത്ത് യുവാവിന്റെ തലയിലും മുഖത്തും കഴുത്തിലും അടിച്ചു. മരണം ഉറപ്പാക്കുംവരെ മർദ്ദിച്ചെന്നും പൊലീസ് പറയുന്നു. പിന്നീട് മൃതദേഹത്തോടൊപ്പം ശനിയാഴ്ച രാത്രി അന്തിയുറങ്ങി . ഞായറാഴ്ച രാവിലെ യുവാവ് കൊണ്ടുവന്ന കവറിലും മുറിയിലുണ്ടായിരുന്നതുമായ സാധനങ്ങൾക്കും തീയിട്ടു. പിന്നീട് മുറി പുറത്തുനിന്ന് പൂട്ടി വടക്കാഞ്ചേരിയിലേക്കും അവിടെ നിന്ന് തൃശൂരിലേക്കും പോയി. വീണ്ടും ബസ് കയറി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പൊലീസിന്റെ പിടിയിലായത്.