തിരുവനന്തപുരം ഇനി ഗവേണൻസ് ഡീപ് ടെക് ഹബ്ബ്

Wednesday 08 October 2025 1:23 AM IST

തിരുവനന്തപുരം: ഗവേഷണം, ഗവേണൻസ്, സാങ്കേതികവിദ്യ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജി.സി.സി) എന്നിവയുടെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വളരുന്നതായി കോളിയേഴ്സ് ഇന്ത്യ പുറത്തിറക്കിയ 'സിറ്റി പ്രൊഫൈലിംഗ് റിപ്പോർട്ടിൽ" പരാമർശം. വൻകിട കമ്പനികളിലടക്കം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ജി.സി.സി ഹബ്ബാകുകയാണ് തലസ്ഥാനമെന്ന് കേരളകൗമുദി ജൂൺ 27ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അത്യാധുനിക സംവിധാനങ്ങളും തിരുവനന്തപുരത്തിന്റെ കരുത്താണെന്നാണ് ആഗോള റിയൽ എസ്റ്റേറ്റ്, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി സ്ഥാപനമായ കോളിയേഴ്സിന്റെ വിലയിരുത്തൽ. കൊച്ചിയിൽ നടന്ന ഗ്ലോബൽ കേപ്പബിലിറ്റി കോൺക്ലേവായ 'ഇടി ജി.സി.സി സർജ് 2025'ൽ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു,ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട),ഇൻഫോപാർക്ക്‌ സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ ചേർന്നാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഒന്നാംനിര നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവുള്ള നഗരം ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിഴിഞ്ഞവും തിളങ്ങും

വിഴിഞ്ഞം തുറമുഖം,എയർ കണക്ടിവിറ്റി,ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, തീരദേശ ഹൈവേ തുടങ്ങിയ പ്രധാന പദ്ധതികളെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ടോറസിന്റെ ഡൗൺ ടൗൺ ട്രിവാൻഡ്രം, ബ്രിഗേഡ് ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ (ഫേസ് 3), ക്വാഡ് പ്രോജക്ട് (ഫേസ് 4) എന്നിവയടക്കം ടെക്‌നോപാർക്കിൽ വരാനിരിക്കുന്ന ഐ.ടി പദ്ധതികളെക്കുറിച്ചും റിപ്പോർട്ട് പ്രതിപാദിക്കുന്നു.

ശക്തമായ സാങ്കേതിക ആവാസവ്യവസ്ഥ,ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ,ഉയർന്ന വൈദഗ്ദ്ധ്യമുള്ള മാനവവിഭവശേഷി എന്നിവയാൽ സമ്പന്നമായതിനാൽ തിരുവനന്തപുരം നവീന നിക്ഷേപങ്ങൾക്കുള്ള ഹബ്ബാകുന്നു

സീറാം സാംബശിവ റാവു,

ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി

സ്ഥാപന ശക്തി,ബൗദ്ധിക മൂലധനം,ജീവിതനിലവാരം എന്നിവയാൽ സമ്പന്നമായ തിരുവനന്തപുരം ആഗോളതലത്തിൽ തന്നെ ആകർഷകകേന്ദ്രമാണ്

കേണൽ സഞ്ജീവ് നായർ (റിട്ട),

ടെക്‌നോപാർക്ക് സി.ഇ.ഒ