കുളത്തൂരിൽ 17കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
കുളത്തൂർ: കുളത്തൂർ ജംഗ്ഷനു സമീപം 17 കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടം സെന്റ് മേരീസ് ഹയർ സെക്കഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയും,കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന ഫൈസലിനാണ് (17) പരിക്കേറ്റത്.സംഭവത്തിൽ കുളത്തൂർ കൊന്നവിളാകം വീട്ടിൽ അഭിജിത്തിനെ (34) തുമ്പ പൊലീസ് അറസ്റ്റു ചെയ്തു.ഇയാൾ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 6.15ന് കുളത്തൂർ ടി.എസ്.സി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.സെന്റ് മേരിസ് സ്കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് കുളത്തൂർ ജംഗ്ഷനിൽ ബസിറങ്ങി ഇടവഴിയിലൂടെ മൂന്ന് സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കുട്ടികൾ സ്ഥിരമായി ഈ വഴിയാണ് വീട്ടിലേക്ക് പോകുന്നത്. പ്രതിയുടെ വീടും ഈ വഴിയിലാണ്.വിദ്യാർത്ഥികൾ പോകുമ്പോൾ ഇയാൾ കാരണമില്ലാതെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയാറുള്ളത് കുട്ടികൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇന്നലെയും പതിവുപോലെ പ്രതി അസഭ്യം പറഞ്ഞു. ഇവർക്കൊപ്പം കൂടെ പഠിക്കുന്ന വിദ്യാർത്ഥിനിയുമുണ്ടായിരുന്നു.ചീത്തവിളിച്ചത് കുട്ടികൾ ചോദ്യം ചെയ്തതോടെ,പ്രതിയും കുട്ടികളും തമ്മിൽ വാക്കുതർക്കവും തുടർന്ന് കൈയാങ്കളിയുമുണ്ടായി. ഇതിനിടെ വീട്ടിലേക്ക് ഓടിപ്പോയ പ്രതി തിരികെ ബ്ലേഡുമായെത്തിയാണ് ആക്രമണം നടത്തിയത്.ഇതിനു മുമ്പും ഇത്തരത്തിൽ അക്രമവാസന പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.