ബീഹാർ വോട്ടർ പട്ടിക: ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതി

Wednesday 08 October 2025 12:46 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ,തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആശയക്കുഴപ്പമുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. തീവ്രവോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും അടക്കം സമർപ്പിച്ച ഹർജികയിലാണിത്. കരടുപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നവരെയാണോ അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കമ്മിഷനോട് ചോദിച്ചു. എല്ലാവരും പുതിയ വോട്ടർമാരാണോ? ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും കമ്മിഷൻ വ്യക്തത വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

കരടുപട്ടികയിൽ നിന്ന് അന്തിമപട്ടികയിലേക്ക് എത്തിയപ്പോൾ 3.66 ലക്ഷം വോട്ടർമാരെ നീക്കിയിരിക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണിത്. 21 ലക്ഷം പേരെ അധികമായി ചേർത്തിട്ടുമുണ്ട്. എന്നാലിത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഇവരുടെ വിവരങ്ങൾ ലഭ്യമല്ലെന്നും ഹർജിക്കാ‌‌ർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റിലൂടെ വിവരങ്ങൾ കമ്മിഷൻ പുറത്തുവിടണം. സ്ത്രീകൾ,മുസ്ലിം സമുദായത്തിലുള്ളവ‌ർ തുടങ്ങിയവരെ വ്യാപകമായി ഒഴിവാക്കിയെന്നും ഹർജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അറിയിച്ചു. നാളെ വീണ്ടും പരിഗണിക്കും.

അപ്പീൽ നൽകാൻ

കഴിയണം

ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.3.66 ലക്ഷം പേരിൽ ആരെയെങ്കിലും ഒഴിവാക്കപ്പെട്ട വിവരം കമ്മിഷൻ അറിയിച്ചിട്ടില്ലെങ്കിൽ ഉടനടി നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചു.നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം വോട്ട‌ർമാരെ അറിയിക്കുന്നില്ലെന്ന് ഹർ‌ജിക്കാർ പരാതിപ്പെട്ടപ്പോഴാണ് ഇടപെടൽ.കാരണമറിയാതെ അപ്പീൽ സമർപ്പിക്കൽ സാദ്ധ്യമല്ലെന്ന് അഭിഭാഷകൻ അറിയിച്ചു.എന്നാൽ,ഒഴിവാക്കപ്പെട്ടവർക്ക് അതു സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്ന് കമ്മിഷനു വേണ്ടി ഹാജരായ അഡ്വ.രാകേഷ് ദ്വിവേദി വാദിച്ചു.വോട്ടർമാർ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയക്കാരും ഡൽഹിയിലെ ചില സംഘടനകളും മാത്രമാണ് പരാതി ഉന്നയിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.