ഹിമാചലിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 18 മരണം
Wednesday 08 October 2025 12:47 AM IST
ഷിംല: ഹിമാചലിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മുപ്പതിലധികം യാത്രക്കാരുമായി വന്ന സ്വകാര്യ ബസിന് മുകളിലേക്കാണ് ഇന്നലെ വൈകിട്ടോടെ വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞ് വീണത്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ അഗ്നിശമന സേനയും ദുരന്ത നിവാരണ അതോറിട്ടിയും പൊലീസും പ്രദേശവാസികളും ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. മരോട്ടൻ-കലൗൾ റൂട്ടിൽ ഓടു്ന ബസാണ് അപകടത്തിൽപെട്ടതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നേരിട്ട് രക്ഷാപ്രവർത്തനം വിലയിരുത്തി.