പ്രമുഖരുടെ നെഞ്ചിടിപ്പു കൂട്ടി ബീഹാറിൽ പ്രശാന്ത് കിഷോറിന്റെ മാസ് എൻട്രി

Wednesday 08 October 2025 12:48 AM IST

ന്യൂഡൽഹി: ഭരണത്തിനായി പ്രധാന മുന്നണികൾ കൊമ്പുകോർക്കുമ്പോൾ നിർണായക ശക്തിയായി ഒരു ചെറുകക്ഷി വരുന്ന പതിവ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിവാണ്. അഞ്ചുകൊല്ലം മുൻപ് നിതീഷ് കുമാറിനും ജെ.ഡി.യുവിനും തലവേദനയായ ലോക്‌ജനശക്തിയുടെ നേതാവ് ചിരാഗ് പാസ്വാന്റെയും റോളിൽ ഇക്കുറി എത്തുന്നത് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കഴിഞ്ഞ വർഷം രൂപീകരിച്ച ജൻ സുരാജ് കക്ഷി ബീഹാർ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ത്രികോണ പോരാട്ടത്തിന് വഴി തുറക്കുന്നു.

2020ൽ ചിരാഗ് ജെ.ഡി.യുവിനെ മാത്രമാണ് ലക്ഷ്യമിട്ടതെങ്കിൽ പ്രശാന്ത് എൻ.ഡി.എയ്‌ക്കു പുറമേ മഹാമുന്നണിയുടെ വോട്ടുകളും ഭിന്നിപ്പിച്ചേക്കാം. ഇതു ന്യായീകരിക്കാൻ പ്രശാന്ത് നൽകുന്ന കണക്കുകൾ ഇങ്ങനെ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കും ലഭിച്ചത് 72 ശതമാനം വോട്ടുകൾ. ബാക്കി 28 ശതമാനം വോട്ടുകൾ ജൻസുരാജ് നേടും. ഇതുകൂടാതെ ഇരു മുന്നണികളിൽ നിന്നും പത്തു ശതമാനം വീതം വോട്ടുകളും ചോർത്തുമെന്ന മുന്നറിയിപ്പുമുണ്ട്. ആകെ 48ശതമാനം വോട്ടുകളാണ് പ്രശാന്ത് നോട്ടമിടുന്നത്.

വോട്ട് സമാഹരിക്കുന്നത് എങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും (2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്) നിതീഷ് കുമാറിനും (2015 ബീഹാർ നിയമസഭ) മമതാ ബാനർജിക്കും (2021 പശ്‌ചിമ ബംഗാൾ ) പറഞ്ഞു കൊടുത്ത പ്രശാന്തിന്റെ വാദങ്ങൾ ആർക്കും എഴുതി തള്ളാനാകില്ല. 2015ൽ ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം മഹാമുന്നണിയിലായിരുന്ന നിതീഷിന് ബി.ജെ.പിയെ മറികടക്കാൻ സഹായിച്ചത് പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു.

കഴിഞ്ഞ കൊല്ലം പാർട്ടി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തുടനീളം യാത്ര നടത്തി സാഹചര്യങ്ങൾ പഠിച്ച ശേഷമാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ബ്രാഹ്‌മണ സമുദായാംഗമായ അദ്ദേഹം സവർണ വോട്ടുകളിലും കണ്ണു വയ്‌ക്കുന്നു. വികസനമില്ലായ്‌മ പ്രചാരണ വിഷയമാക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. ബീഹാറിലെ പരമ്പരാഗത വോട്ടുബാങ്കുകളെ ഭിന്നിപ്പിക്കാൻ സാദ്ധ്യതയുള്ള പുതിയ എതിരാളിയായാണ് ജൻ സുരാജിന്റെ വരവ്. ബീഹാറിലെ 243 സീറ്റുകളിലും മത്സരിക്കുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചു. നാളെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. പട്ടികയിൽ ചില സസ്‌പെൻസുകളുണ്ടാകും. ആദ്യ പട്ടികയിൽ തന്റെ പേരുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.