ബീഹാർ സീറ്റ് ചർച്ച സജീവം, എൻ.ഡി.എയിൽ ചിരാഗ് തലവേദന
ന്യൂഡൽഹി: ബീഹാറിൽ സീറ്റ് പങ്കിടൽ ചർച്ചകൾ സജീവമാക്കിയതോടെ മുന്നണികൾക്കുള്ളിലെ തർക്കങ്ങളും പുറത്തേക്ക്. 2020ൽ വലച്ച എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ ഇക്കുറി മുന്നണിക്കുള്ളിൽ നിന്ന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് എൻ.ഡി.എയ്‌ക്ക് തലവേദനയാകുന്നു. മറുവശത്ത് മഹാമുന്നണിക്ക് ആർ.ജെ.ഡിക്കും കോൺഗ്രസിനുമിടയിലെ മൂപ്പിളമ തർക്കമാണ്.
ദളിത് മേഖലകളിൽ സ്വാധീനമുള്ള എൽ.ജെ.പി 45 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. 25 എണ്ണം നൽകാമെന്ന് ബി.ജെ.പിയും. 2020ൽ ഒറ്റയ്‌ക്ക് മത്സരിച്ച് 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിന്റെ തോൽവി ഉറപ്പിച്ചത് ബി.ജെ.പി മറക്കാനിടയില്ല. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ ബീഹാർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാനും ബീഹാർ ചുമതലയുള്ള വിനോദ് തവ്‌ഡെയും ഇന്നലെ ചിരാഗ് പാസ്വാനുമായി ചർച്ച നടത്തി. 2024 ലോക്‌സഭയിൽ മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ചതിനാൽ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നാണ് ചിരാഗിന്റെ വാദം. ഈ ലോക്‌സഭാ മണ്ഡലങ്ങളിലെ കുറഞ്ഞത് രണ്ട് നിയമസഭാ സീറ്റുകൾ വീതം അനുവദിക്കണമെന്നാണ് ആവശ്യം.
ബി.ജെ.പി-ജെ.ഡി.യു
തുല്ല്യ സീറ്റുകളിൽ
എൻ.ഡി.എയിലെ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും 205 സീറ്റുകൾ തുല്ല്യമായി വീതിച്ച്, ബാക്കി സഖ്യകക്ഷികൾക്ക് നൽകുമെന്നറിയുന്നു.
എൽ.ജെ.പിക്ക് 25, ജിതൻ മാഞ്ചിയുടെ എച്ച്.എ.എം 7, ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എമ്മിന് 6 എന്നിങ്ങനെയാകും സീറ്റുകൾ. ചിരാഗ് സമ്മർദ്ദം കൂട്ടിയാൽ മറ്റുള്ളവരുടെ സീറ്റുകൾ കുറഞ്ഞേക്കാം. അവർക്ക് രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകൾ നൽകാമെന്ന് ആശ്വസിപ്പിച്ചേക്കാം.
ആർ.ജെ.ഡി
130 സീറ്റിൽ?
മഹാമുന്നണിയിൽ തേജസ്വി യാദവിന്റെ ആർ.ജെ.ഡി 130 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചെന്നും കോൺഗ്രസിന് 50 സീറ്റുകളിൽ വാഗ്‌ദാനം ചെയ്‌തതായും സൂചന. കോൺഗ്രസ് 2020ൽ മത്സരിച്ച് 70 സീറ്റിലാണ്(19ൽ വിജയം). മുന്നണിയിലെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) 20, സി.പി.ഐ (എം.എൽ)20, സി.പി.ഐ 8, സി.പി.എം 7, രാം വിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരാസിന്റെ ലോക് ജനശക്തി പാർട്ടി (ആർ.വി) രണ്ട്, ജെ.എം.എം ആറ് എന്നിങ്ങനെയാണ് ചർച്ചകൾ. സീമാഞ്ചൽ, മഗധ്, തിർഹട്ട് മേഖലകളിലാകും ഇടത് സീറ്റുകൾ. 77 സീറ്റിൽ ജയിച്ച് 2020ൽ ഏറ്റവും വലിയ കക്ഷിയായതിനാൽ കൂടുതൽ സീറ്റ് വേണമെന്ന നിലപാടിലാണ് ആർ.ജെ.ഡി. തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ആദ്യ ഘട്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും.