സർക്കാർ നേതൃത്വത്തിൽ 25 വർഷം: നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Wednesday 08 October 2025 12:50 AM IST

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി,പ്രധാനമന്ത്രി പദങ്ങളിൽ 25 വർഷം തികച്ച ദിനത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും രാഷ്ട്ര പുരോഗതിക്ക് സംഭാവന നൽകാനുമുള്ള നിരന്തര പരിശ്രമമാണ് താൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2001 ഒക്‌ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിനം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ഇട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി പദവിയിലേക്കെത്തിയ തന്റെ സർക്കാർ തലവനായുള്ള സേവനം 25-ാം വർഷത്തേക്ക് കടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂകമ്പത്തിന്റെ ദുരിതമനുഭവിച്ച പരീക്ഷണാത്മകമായ സാഹചര്യത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്. മുൻ വർഷങ്ങളിലെ ചുഴലിക്കാറ്റും തുടർച്ചയായ വരൾച്ചയും രാഷ്ട്രീയ അസ്ഥിരതയും വെല്ലുവിളിയായി. ഇത് ജനങ്ങളെ സേവിക്കാനും ഗുജറാത്തിനെ പുതിയ ഊർജ്ജസ്വലതയോടെ പുനർനിർമ്മിക്കാനുമുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ദരിദ്രർക്കുവേണ്ടി എപ്പോഴും പ്രവർത്തിക്കണമെന്നും ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നും അമ്മ പറഞ്ഞിരുന്നു. എല്ലാവരെയും സേവിക്കുക എന്ന ദർശനത്തിലൂന്നിയാണ് പ്രവർത്തിക്കുന്നത്. 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായത് ആത്മവിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും യുഗത്തിന് തുടക്കമിട്ടു. ഭരണഘടനയുടെ മൂല്യങ്ങളാൽ നയിക്കപ്പെട്ട വികസിത ഭാരതം എന്ന കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കലാണ് അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.