മുംബയിലെ രണ്ടാം വിമാനത്താവളം: ഉദ്ഘാടനം ഇന്ന്

Wednesday 08 October 2025 12:56 AM IST

ന്യൂഡൽഹി: സാമ്പത്തിക തലസ്ഥാനമായ മുംബയുടെ വികസന കുതിപ്പിന് ഊർജ്ജമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നവി മുംബയ് അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ഏകദേശം 19,650 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് പ്രധാനമന്ത്രി ഇന്ന് തുറന്നു കൊടുക്കുക. മുംബയ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്‌ക്കാൻ പുതിയ വിമാനത്താവളം സഹായിക്കും.

കോഡ്: എൻ.എം.ഐ

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി(1160 ഹെക്ടർ വിസ്തൃതി).

 പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്ക് നീക്കവും പ്രതീക്ഷിക്കുന്നു.

 ആകെ നാലു ടെർമിനലുകൾ. ഒരു ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും ഇന്ന് തുറക്കും.

ടെർമിനലുകളെയും മെട്രോ അടക്കം ഗതാഗത സംവിധാനങ്ങളെയും ബന്ധിപ്പിക്കാൻ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എ.പി.എം).

പൊതു ഗതാഗതത്തിനായി വൈദ്യുതി ബസ് സർവീസ്

 മുംബയ് നഗരത്തിലേക്ക് വിമാനത്താവളത്തിൽ നിന്ന് വാട്ടർ ടാക്സി

മുംബയ് മെട്രോ

മൂന്നാം ലൈൻ

ഏകദേശം 12,200 കോടി ചെലവിൽ നിർമ്മിച്ച മുംബയ് മെട്രോ മൂന്നാം ലൈൻ (ആചാര്യ ആത്രേ ചൗക്ക്-കഫെ പരേഡ് റൂട്ട്) രണ്ടാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുംബയിലെ ആദ്യ പൂർണ്ണ ഭൂഗർഭ മെട്രോ ലൈനാണിത്. കഫെ പരേഡ്-ആരേ ജെ.വി.എൽ.ആർ റൂട്ടിൽ 33.5 കിലോമീറ്റർ പാതയാണ് ഇന്ന് തുറക്കുന്നത്. 27 സ്റ്റേഷനുകളുള്ള റൂട്ടിൽ പ്രതിദിനം 13 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. പദ്ധതി പൂർത്തിയായാൽ മുംബയിലെ പ്രധാന ഭാഗങ്ങളായ ഫോർട്ട്, കാല ഘോഡ, മറൈൻ ഡ്രൈവ്, ബോംബെ ഹൈക്കോടതി, മന്ത്രാലയ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), നരിമാൻ പോയിന്റ് എന്നിവ മെട്രോ ട്രെയിൻ പരിധിയിലാകും.

യു.കെ പ്രധാനമന്ത്രി

മുംബയിൽ

നാളെ ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് യു.കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിൽ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സി.ഇ.ഒ ഫോറത്തിൽ പങ്കെടുക്കും. തുടർന്ന്, ഉച്ചയ്ക്ക് 2:45 ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഇരുവരും മുഖ്യപ്രഭാഷണം നടത്തും.